ഷാരൂഖ് ഖാന്, രജനീകാന്ത്, വിജയ്, അജിത്കുമാര്‍: താരസംഗമമായി നയന്‍-വിക്കി വിവാഹം
തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും സംവിധായകന് വിഘ്നേഷ് ശിവനും വിവാഹിതരായി. തമിഴ്നാട്ടിലെ ചരിത്രപ്രസിദ്ധമായ മഹാബലിപുരത്തെ ഷെറാട്ടണ്‍ ഗ്രാന്‍ഡ് ഹോട്ടലില്‍ വച്ചായിരുന്നു വിവാഹം. സിനിമാമേഖലയില്‍ നിന്ന് വളരെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. അതേസമയം ഷാരൂഖ് ഖാനും രജനീകാന്തുമടക്കമുള്ള നിരവധി താരങ്ങളുടെ സാന്നിധ്യം വിവാഹച്ചടങ്ങിനെ ശ്രദ്ധേയമാക്കി.
വിവാഹവേദിയും പരിസരവും കനത്ത സുരക്ഷയിലാണ് ഒരുക്കിയിരിക്കുന്നത്.ക്ഷണക്കത്തിനൊപ്പം നല്കിയ പ്രത്യേക പാസ്സ് കോഡ് നല്കിയാല് മാത്രമേ വിവാഹ ഹാളിലേക്ക് കടക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ അനുവദിക്കുകയുള്ളൂ. വിവാഹ ചടങ്ങുകളുടെ വീഡിയോപകര്പ്പവകാശം പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ലിക്സിനാണ്.
വിവാഹത്തില്‍ ബോളിവുഡ് താരം ഷാരൂഖ് ഖാന്, തമിഴ് സൂപ്പര്‍ താരങ്ങളായ രജനീകാന്ത്, വിജയ്, അജിത് കുമാര്‍ എന്നിങ്ങനെ നിരവധി പ്രമുഖര്‍ പങ്കെടുത്തു. വിവാഹാഘോഷത്തില്‍ പങ്കെടുക്കാനായി തമിഴ് സിനിമാ സംവിധായകന് ആറ്റ്ലിയുമെത്തി. കാര്‍ത്തി, ശരത് കുമാര്‍, ദിവ്യ ദര്‍ശിനി, വസന്ത് രവി, എന്നിവരും വിവാഹത്തിനെത്തി ചേര്‍ന്നു. അതേസമയം മലയാളത്തില്‍ നിന്ന് നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപ് പങ്കെടുത്തത് ട്വിറ്റര്‍ അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്.
‘നാനും റൗഡിതാന്‍’ എന്ന സിനിമയുടെ സെറ്റില്‍ വച്ചാണ് നയന്‍ താരയും വിഘ്നേഷും തമ്മിലുള്ള പ്രണയം ആരംഭിക്കുന്നത്. ഇരുവരും തമ്മിലുള്ള ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം പുറത്തുവന്നതോടെയാണ് ആരാധകരും ഈ താരപ്രണയം ഏറ്റെടുത്തത്.
2021 സെപ്റ്റംബറില്‍ നല്കിയ ഒരു അഭിമുഖത്തിലാണ് തങ്ങളുടെ വിവാഹനിശ്ചയം കഴിഞ്ഞ വിവരം നയന്‍താര വെളിപ്പെടുത്തിയത്. ഏറ്റവുമടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചെറിയ ചടങ്ങില്‍ വച്ചായിരുന്നു വിവാഹ നിശ്ചയം എന്നായിരുന്നു അന്ന് താരം വെളിപ്പെടുത്തിയത്.
Content Highlights – Nayanthara and director Vighnesh Sivan got married