സ്വപ്ന സുഹൃത്ത്, കാണാന്‍ പോയത് വിളിച്ചതിനാല്‍; മുഖ്യമന്ത്രിയെ പരിചയമില്ലെന്ന് ഷാജ് കിരണ്‍
സ്വപ്ന സുരേഷുമായി തനിക്ക് സൗഹൃദബന്ധമുണ്ടെന്ന് ഷാജ് കിരണ്‍. ബുധനാഴ്ച താന്‍ സ്വപ്നയെ കാണാന്‍ പോയിരുന്നു. സ്വപ്ന സഹായം ആവശ്യപ്പെട്ടത് അനുസരിച്ചാണ് പോയത്. സരിത്തിനെ വിജിലന്‍സ് കൊണ്ടുപോയതിന് ശേഷമാണ് സ്വപ്ന തന്നെ വിളിച്ചതെന്നും താന്‍ മറ്റാര്‍ക്കും വേണ്ടിയല്ല സ്വപ്നയെ കണ്ടതെന്നും ഷാജ് കിരണ്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയുമായോ കോടിയേരി ബാലകൃഷ്ണനുമായോ തനിക്ക് പരിചയമില്ല. താന്‍ കഴിഞ്ഞ 60 ദിവസമായി സ്വപ്നയുമായി ഫോണില്‍ ബന്ധപ്പെടാറുണ്ട്. മാധ്യമപ്രവര്‍ത്തകനായ താന്‍ ജോലി ചെയ്ത കാലയളവില്‍ മാത്രമാണ് രാഷ്ട്രീയ നേതാക്കളുമായി പരിചയം പുലര്‍ത്തിയത്.
ബുധനാഴ്ച ഉച്ചയ്ക്ക് 1.30നാണ് സ്വപ്നയെ കാണാന്‍ താന്‍ പാലക്കാട്ട് എത്തിയത്. അവര്‍ ഇങ്ങോട്ട് സഹായം ആവശ്യപ്പെടുകയായിരുന്നു. നിയമപരമായി എല്ലാ സഹായങ്ങളും ചെയ്യാമെന്ന് മറുപടിയും നല്കി. ഹര്‍ജിയില്‍ പറഞ്ഞ കാര്യങ്ങളൊന്നും തന്റെ അജണ്ടയിലുള്ള കാര്യങ്ങളല്ല. നിങ്ങള്‍ നിങ്ങളുടെ സുരക്ഷ നോക്കി കാര്യങ്ങള്‍ ചെയ്യണമെന്നാണ് താന്‍ സ്വപ്നയോട് പറഞ്ഞത്. മറ്റു കാര്യങ്ങള്‍ സ്വപ്ന പറയട്ടെയെന്നും മൊഴി തിരുത്തണമെന്ന് താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും ഷാജ് വ്യക്തമാക്കി.
ഷാജ് കിരണ്‍ എന്നൊരാള്‍ മുഖ്യമന്ത്രിക്കു വേണ്ടി തന്നെ വന്നു കണ്ടെന്നും ഇന്ന് പത്തുമണിക്ക് മുന്‍പ് രഹസ്യമൊഴി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുവെന്നും മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ സ്വപ്ന പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്നാണ് വിശദീകരണവുമായി ഷാജ് കിരണ്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെട്ടത്.
Content Highlights: Swapna Suresh, Shaj Kiran, Sarith, Gold Smuggling Case