വനിതാ ശാക്തീകരണ നിലപാട്: രണ്ട് സിനിമകളുടെ വിനോദ നികുതി ഒഴിവാക്കിയെന്ന് ഗോവിന്ദന് മാസ്റ്റര്‍

ഡിവോഴ്സ്, നിഷിദ്ധോ എന്നീ സിനിമകളുടെ വിനോദ നികുതി ഒഴിവാക്കിയതായി തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. ചിത്രങ്ങളുടെ വനിതാ ശക്തീകരണ കാഴ്ചപ്പാട് പരിഗണിച്ചാണ് നടപടി. സർക്കാരിന് വേണ്ടി സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ നിർമ്മിച്ചതാണ് രണ്ട് ചിത്രങ്ങളും. ഇരു സിനിമകളുടെയും സംവിധായകർ വനിതകളാണ്. ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയര്മാന് ഷാജി എന്‍ കരുണിന്റെ അപേക്ഷ പരിഗണിച്ചാണ് തീരുമാനം.
2019-20 ബഡ്ജറ്റിൽ വനിതാ സംവിധായകരുടെ രണ്ട് സിനിമകൾ നിർമ്മിക്കാൻ 3 കോടി രൂപ അനുവദിച്ചിരുന്നു. ഈ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച സിനിമകളാണ് ഡിവോഴ്സും നിഷിദ്ധോയും. ചിത്രാഞ്ജലി സ്റ്റുഡിയോയുടെ സാങ്കേതിക സൗകര്യങ്ങൾ ഉപയോഗപ്പെടുത്തിയായിരുന്നു നിർമ്മാണം. ഡിവോഴ്സ് ജൂൺ 24നും നിഷിദ്ധോ ജൂലൈ അവസാനവുമാണ് തിയറ്ററുകളിൽ എത്തുന്നത്. സാമൂഹ്യ പ്രസക്തിയും മദ്യ വർജ്ജന സന്ദേശവും മുൻനിർത്തി മാഹി എന്ന ചിത്രത്തിനും ഈയടുത്ത് സർക്കാർ വിനോദനികുതി ഒഴിവാക്കി നൽകിയിരുന്നു.