വിജയ് ബാബു അമ്മ എക്സിക്യൂട്ടീവിൽ നിന്ന് പുറത്തായേക്കും ; താരസംഘടനയുടെ നിർണ്ണായക എക്സിക്യൂട്ടിവ് യോഗം ഇന്ന്
കൊച്ചി: ബലാത്സംഗക്കേസിൽ കുറ്റാരോപിതനായ നടൻ വിജയ് ബാബു താരസംഘടനയായ അമ്മയുടെ എക്സിക്യൂട്ടിവ് കൗൺസിലിൽ നിന്ന് പുറത്തായേക്കും. വിവാദങ്ങൾക്കിടെ താരസംഘടനയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയൈന്ന് കൊച്ചിയിൽ യോഗം ചേരും. വിഷയത്തിൽ സംഘടന വിജയ് ബാബുവിനോട് വിശദീകരണം തേടിയിട്ടുണ്ട്.
ബലാത്സംഗ പരാതി ഉയർന്ന സാഹചര്യത്തിൽ വിജയ് ബാബുവിനെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്ന് പുറത്താക്കുന്ന കാര്യത്തിൽ തീരുമാനം ഉണ്ടായേക്കും. ഈ മാസം 27 ന് അമ്മയുടെ ഇന്റേണൽ കംപ്ലെയിന്റ് സ് കമ്മിറ്റി യോഗം ചേർന്ന് വിജയ് ബാബുവിനെതിരെ നടപടിക്ക് ശുപാർശ ചെയ്ത് കത്ത് നൽകിയിരുന്നു. തുടർന്ന് അമ്മ വിജയ് ബാബുവിനോട് വിശദീകരണം തേടി. നിയമോപദേശത്തിന് ശേഷമാണ് വിശദീകരണം തേടിയത്.
അതേസമയം, വിജയ് ബാബുവിനെ വിദേശത്ത് നിന്നും നാട്ടിലെത്തിക്കാൻ ശക്തമായ നടപടികളുമായി പോലീസ് മുന്നോട്ടുനീങ്ങുകയാണ്. വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലാണെങ്കിലും അറസ്റ്റിന് തടസ്സം ഇല്ലെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ നാഗ രാജു പറഞ്ഞു. ആവശ്യമെങ്കിൽ അന്വേഷണ സംഘം ദുബായിലേക്ക്പോകും.
നടിയുടെ പരാതി ലഭിച്ച മാർച്ച് 22 ന് തന്നെ കേസെടുത്തുവെന്നും കാലതാമസം ഉണ്ടായിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. വിജയ് ബാബുവിനെ തേടി അന്വേഷണ സംഘം ഗോവയിൽ പോയെങ്കിലും നടൻ ദുബായിലേക്ക് കടന്നു. പാസ്പോർട്ട് റദ്ദാക്കാനുള്ള നടപടികൾ സ്വീകരിക്കണോ എന്നും ആലോചിച്ചു വരികയാണ്. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുകയാണെങ്കിൽ വീണ്ടും കേസെടുക്കും. നടനെതിരായ പുതിയ മീടൂ ആരോപണം ശ്രദ്ധയിൽ പെട്ടിട്ടുണ്ടെങ്കിലും പരാതി കിട്ടിയിട്ടില്ലെന്ന് കമ്മിഷണർ വ്യക്തമാക്കി.
Content Highlight: Sexual Assault case- Vijay Babu may be expelled from AMMA Executive committee