ഇടവേള ബാബുവിന്റെ നിരോധനം കാറ്റിൽ പറത്തി; നെഞ്ച് വിരിച്ച് വിനായകൻ
വിനായകൻ വീണ്ടും വാർത്തകളിൽ നിറയുകയാണ്. ഇത്തവണ അയാൾ തന്റേതായ ശൈലിയിൽ ഒന്നും പറഞ്ഞിട്ടില്ല. ആരെയും അവഹേളിച്ചിട്ടില്ല, മോശമായുള്ള പരാമർശം ഒന്നും നടത്തിയിട്ടില്ല.. എന്നാൽ വിനായകൻ അഭിനയിച്ച ഒരു സിനിമ ഇന്നലെ തിയേറ്ററുകളിൽ എത്തി. അതിന്റെ ആഘോഷമാണിപ്പോൾ നടക്കുന്നത്. അയാൾ സൂപ്പർസ്റ്റാർ രജിനികാന്തുമായി നേർക്കുനേർ നോക്കി നിൽക്കുന്ന ഒരു പോസ്റ്റർ ആണിപ്പോൾ ഏറ്റവും കൂടുതൽ ഷെയർ ചെയ്യപ്പെടുന്നത്. തൻ്റെ നിറവും, ജാതിയും വെച്ച്, തന്നെ അധിക്ഷേപിച്ചവർക്ക് മുന്നിൽ വിനായകൻ ഇങ്ങനെ തലയെടുപ്പോടെ, സൂപ്പർസ്റ്റാർ രജനിക്കൊപ്പം നിൽക്കുന്നത് കാണുമ്പോൾ അതിയായ സന്തോഷമുണ്ട് എന്നാണ് എല്ലാവരും പറയുന്നത്.
സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയുടെ സർവ്വാധികാരി ശ്രീ. ഇടവേള ബാബുവിൻറെ വിനായകൻ കുറിച്ചുള്ള ഒരു ചാറ്റ്, സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. വിനായകൻ അമ്മയിൽ അംഗമല്ല, ഞാൻ ഉള്ള കാലം വരെ അവനെ ഇങ്ങോട്ട് അടുപ്പിക്കില്ല എന്ന് പറയുന്ന ഒരു സ്ക്രീന്ഷോട് ആണത്. ഇടവേള ബാബു അത് നിഷേധിക്കാത്തത് കൊണ്ട് അത് അയാൾ പറഞ്ഞത് തന്നെയാണ്. അങ്ങനെ ഇടവേള ബാബു അകറ്റിനിർത്തിയാൽ തീരുന്നതല്ല വിനായകൻ എന്ന നടൻ. അതിപ്പോൾ ബാബുവിനൊഴികെ എല്ലാവര്ക്കും മനസ്സിലായിട്ടുണ്ട്. വെറും ഇടവേളയിൽ നിന്ന് അധികാരം കിട്ടിയ വേളയിൽ ബാബു നടത്തുന്ന ചില പ്രസ്താവനകളുണ്ട്. അതിൽപ്പെട്ടതായിരുന്നു വിനായകനെതിരെ അയാൾ നടത്തിയ പരാമർശങ്ങൾ. മലയാള സിനിമയുടെ എല്ലാമെല്ലാമായ ശ്രീ ഇടവേള ബാബു അറിയേണ്ട ഒരു കാര്യമുണ്ട്. വിനായകൻ നിങ്ങളുടെ ‘അമ്മ സംഘടനയിൽ അംഗമല്ല. പക്ഷെ മലയാളം മാത്രമല്ല സിനിമ എന്നത്.. തെന്നിന്ത്യൻ സിനിമ സംഘടനയായ “ചെന്നൈ നടികർ സംഘത്തിൽ അംഗമാണ് വിനായകൻ.. അവിടെ അയാൾക്ക് വിളക്കുകൾ ഒന്നുമില്ല.. ഇപ്പോൾ വിനായകൻ തമിഴിൽ രജനികാന്തിനൊപ്പം തിളങ്ങുമ്പോൾ, യഥാർത്ഥത്തിൽ തിളങ്ങുന്നത് നമ്മുടെ നാടിൻറെ കലയാണ്.
ജയിലറിന്റെ ഓഡിയോ ലോഞ്ച് നടക്കുമ്പോൾ രജനീകാന്ത് സംസാരിച്ചിരുന്നു. അതിൽ ഏറിയ പങ്കും വിനായകന്റെ അഭിനയപാടവത്തെ കുറിച്ചാണ് അദ്ദേഹം പറഞ്ഞത്. ആ കഥാപാത്രത്തേക്കുറിച്ച് സിനിമ ഇറങ്ങുന്നതിന് മുമ്പേ സംസാരിച്ച് സസ്പെൻസ് കളയരുതെന്ന് പറഞ്ഞിട്ടുള്ളത് കൊണ്ട് താൻ കൂടുതൽ പറയുന്നില്ലെന്നും രജനികാന്ത് പറഞ്ഞു.. ” ഇനി നിങ്ങൾ സിനിമ കണ്ട് തീരുമാനിക്കൂ ” എന്ന് പറഞ്ഞാണ് അദ്ദേഹം നിർത്തിയത്.
മലയാള സിനിമയിൽ നിന്ന് ഇടവേള ബാബു വിനായകനെ ഒഴിവാക്കിയാലും വിനായകനെ വേണ്ടവർ മറ്റു സ്ഥലങ്ങളിൽ ഉണ്ടെന്ന് മനസിലാക്കുക. ഫഹദ് ഫാസിൽ ”മാമന്നന്” എന്ന സിനിമയിൽ വില്ലന്‍ റോളിലൂടെ നേടിയ കയ്യടികളെ ഇപ്പോൾ വിനായകൻ മറികടക്കുകയാണ്, ജയിലറിലെ വർമ്മൻ എന്ന വില്ലനിലൂടെ..
രജനിയുടെ നായക കഥാപാത്രമായ ടൈഗർ മുത്തുവേല്‍ പാണ്ഡ്യനെ എതിർത്ത് നില്ക്കുന്ന, ഗുണ്ടാത്തലവനായ വര്മ്മന് എന്ന വേഷത്തിലാണ് വിനായകന് എത്തുന്നത്. ജയിലര്‍ തീയറ്ററില്‍ നിറഞ്ഞോടുമ്പോൾ കൈയ്യടി ലഭിക്കുന്നത് വിനായകന് കൂടിയാണ്. മോഹൻലാൽ, ശിവ്രാജ്കുമാർ, ജാക്കി ഷ്രോഫ് എന്നീ മെഗാതാരങ്ങൾ പൂണ്ട് വിളയാടുമ്പോളും ജയിലർ സിനിമയിൽ രജനീകാന്തിന് തൊട്ടു പിന്നിൽ സ്ക്രീൻ അടക്കി വാഴുന്നത് വിനായകനാണ്. തമിഴ് സിനിമാലോകം വിനായകനെ ഏറ്റെടുത്തു കഴിഞ്ഞു. കാരണം വിനായകൻ എത്തിനിൽക്കുന്ന ആ റേഞ്ച് ഏതാണെന്ന് അറിയാൻ, ഇതിന് മുമ്പുള്ള ഹിറ്റായ രജനി സിനിമകളിലെ വില്ലൻമാരുടെ പേരുകൾ നോക്കിയാൽ മതി…. നാനാ പഡേക്കർ, അക്ഷയ് കുമാർ, സുനിൽ ഷെട്ടി, നവാസുദ്ധീൻ സിദ്ധിഖി.. ഇപ്പോൾ നമ്മുടെ വിനായകനും..
ചിലരുടെ ധാരണ അവർ മാറ്റി നിർത്തിയാൽ ഒരു കലാകാരൻ വളരില്ലെന്നാണ്, അവഗണിച്ചാൽ തളർന്ന് പോകുമെന്നാണ്…. പക്ഷേ ആ അവഗണനയുടെ ഇന്ധനം മാത്രം മതി ഒരു കലാകാരന് ലോകം കീഴടക്കാൻ..
നിങ്ങൾ തകർക്കാൻ നോക്കിയാൽ പൊട്ടിത്തകരുന്ന ജീവിതമല്ല വിനായകനുള്ളത്… അയാൾ എതിരാളികളുടെ മുഖത്ത് നോക്കി നെഞ്ച് വിരിച്ച് നിൽക്കുക തന്നെ ചെയ്യും. അത് അയാളുടെ അഭിനയത്തിന്റെ കരുത്താണ്.. ജീവിതത്തിലെ അനുഭവങ്ങളുടെ കരുത്താണ്.