കേരള ബാങ്കിന്റെ ബിസിനസ് ഒന്നേകാൽ ലക്ഷം കോടിയിലേക്ക്, 100 ഗോള്‍ഡന്‍ ഡേയ്സ് ക്യാംപെയ്ന് വിജയം
 
			    	    ഗ്രാമീണ ജനതക്ക് മെച്ചപ്പെട്ട തൊഴിലവസരവും സാമ്പത്തിക ഭദ്രതയും മികച്ച ബാങ്കിങ് സൗകര്യങ്ങളും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ രൂപം കൊടുത്ത കേരള ബാങ്ക്, രൂപീകരണ ലക്ഷ്യം പൂര്‍ത്തിയാക്കുന്ന വളര്‍ച്ച നേടിയിരിക്കുകയാണെന്ന് മന്ത്രി വി എന്‍ വാസവന് പറഞ്ഞു. കേരള ബാങ്കിന്റെ തെരഞ്ഞെടുത്ത ആദ്യ ഭരണസമിതി വിജയകരമായ 5 വര്‍ഷം ഈ നവംബര്‍ മാസം പൂര്‍ത്തിയാക്കുന്നതോടനുബന്ധിച്ച് ബാങ്ക് ഹെഡ് ഓഫീസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
2019-20ല്‍ 1,01,194.41 കോടി രൂപയായിരുന്ന ബാങ്കിന്റെ ബിസിനസ് ഇപ്പോള്‍ 1,24,000 കോടി രൂപയായി വര്‍ധിച്ചിട്ടുണ്ട്. അഞ്ചു വര്‍ഷം കൊണ്ട് 23,000 കോടിയോളം രൂപയുടെ ബിസിനസാണ് ഉയര്‍ത്താനായത്. 2024 സെപ്റ്റംബര്‍ മുതല്‍ 2025 സെപ്റ്റംബര്‍ വരെ ബിസിനസ്സില്‍ 7900 കോടി രൂപയുടെ വര്‍ധന ഉണ്ടായതായും മന്ത്രി അറിയിച്ചു. 31-03-2020 ല്‍ 61,037 കോടി രൂപയായിരുന്ന ബാങ്കിന്റെ നിക്ഷേപം നിലവില്‍ 71,877 കോടി രൂപയായി വര്‍ധിച്ചു. 2024 സെപ്റ്റംബര്‍ മുതല്‍ 2025 സെപ്റ്റംബര്‍ വരെ നിക്ഷേപത്തില്‍ 5543 കോടി രൂപയുടെ വര്‍ധനയാണ് വന്നിട്ടുള്ളത്.
പ്രമുഖ വാണിജ്യ ബാങ്കുകള്‍ക്ക് മാത്രം അവകാശപ്പെടാവുന്ന 50000 കോടി രൂപ വായ്പാ ബാക്കിനില്‍പ്പ് എന്ന ചരിത്ര നേട്ടം കേരള ബാങ്ക് പിന്നിട്ടു കഴിഞ്ഞതായും മന്ത്രി അറിയിച്ചു. നിലവില്‍ 52000 കോടി രൂപയാണ് ബാങ്കിന്റെ വായ്പാ ബാക്കിനില്‍പ്പ്. പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ക്കും വാണിജ്യ ബാങ്കുകളില്‍ നിന്ന് വായ്പ ലഭിക്കാന്‍ ബുദ്ധിമുട്ടുന്ന ക്രെഡിറ്റ് ഹിസ്റ്ററി കുറഞ്ഞ സാധാരണക്കാരായ ആളുകള്‍ക്കും ഒരു കൈത്താങ്ങാണ് കേരള ബാങ്ക്. മറ്റു ബാങ്കുകളില്‍ നിന്ന് വ്യത്യസ്തമായി കേരളത്തില്‍ നിന്ന് സ്വരൂപിക്കുന്ന നിക്ഷേപം കേരളത്തിന്റെ തന്നെ വികസനത്തിനാണ് ഉപയോഗിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
 
			    					         
								     
								    













