പുതിയ 50 രൂപ നോട്ട് പുറത്തിറക്കാന്‍ ആര്‍ബിഐ; പുതിയ നോട്ടിലെ മാറ്റങ്ങള്‍

പുതിയ 50 രൂപ നോട്ടുകള്‍ പുറത്തിറക്കുമെന്ന് റിസര്‍വ് ബാങ്ക്. ശക്തികാന്ത ദാസിന്റെ പിന്‍ഗാമിയായി നിയമിതനായ ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്രയുടെ ഒപ്പുള്ള 50 രൂപയുടെ പുതിയ നോട്ടുകള്‍ ആണ് പുറത്തിറക്കുക. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ 26-ാമത് ഗവര്‍ണറാണ് സഞ്ജയ് മല്‍ഹോത്ര.
നിലവിലുള്ള നോട്ടിന്റെ തുടര്‍ച്ച തന്നെയായിരിക്കും പുതിയ നോട്ടുകളും. വിപണിയില്‍ കൂടുതല്‍ നോട്ടുകള്‍ എത്തിച്ച് പണ വ്യവസ്ഥയുടെ ഒഴുക്ക് ഉറപ്പാക്കാന്‍ വേണ്ടി മാത്രമാണ് പുതിയ നോട്ടുകള്‍ ഇറക്കുന്നത്. മാത്രമല്ല, മുമ്പ് പുറത്തിറക്കിയ എല്ലാ 50 രൂപ നോട്ടുകളും ഇപ്പോഴും നിയമപരമായ കറന്‍സിയാണെന്നും സാധുതയുള്ളതായിരിക്കുമെന്നും ആര്‍ബിഐ അറിയിച്ചിട്ടുണ്ട്. .
സുരക്ഷ വര്‍ധിപ്പിക്കുന്നതിനും കള്ളപ്പണം തടയുന്നതിനുമായി അവതരിപ്പിച്ച പുതിയ സീരിസ് നോട്ടുകളുടെ മാതൃകയില്‍ തന്നെയായിരിക്കും ഈ നോട്ടുകളും ഉണ്ടാകുക. നോട്ടിന്റെ മുന്‍വശത്ത് മഹാത്മാഗാന്ധിയുടെ ഛായാചിത്രവും പിന്നില്‍ സാംസ്കാരിക രൂപങ്ങളും നിലനിര്‍ത്തും. ആര്‍ബിഐ ഗവര്‍ണറുടെ ഒപ്പില്‍ മാത്രമാണ് മാറ്റം വരിക. പുതിയ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്രയുടെ ഒപ്പായിരിക്കും പുതിയ നോട്ടില്‍ ഉണ്ടാകുക.