തൃശൂരില്‍ കുട്ടികള്‍ക്ക് കോവിഡ് വാക്സിന് മാറി നല്കി; സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി കളക്ടര്‍
തൃശൂരില്‍ കുടുംബാരോഗ്യകേന്ദ്രത്തില്‍ കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുത്ത സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍. 80 കുട്ടികള്‍ക്കാണ് വാക്സിന് മാറി നല്‍കിയത്. ശനിയാഴ്ചയാണ് സംഭവമുണ്ടായത്. 12നും 14നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കാണ് വാക്സിന് മാറി നല്‍കിയത്. ഇവര്‍ക്ക് കോര്ബെവാക്സിന് പകരം കോവാക്സിന് നല്‍കുകയായിരുന്നു.
രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെ വാക്സിനെടുത്ത എല്ലാ കുട്ടികള്‍ക്കും മരുന്ന് മാറി നല്‍കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ ഹരിത വി കുമാറും നെന്മണിക്കര പഞ്ചായത്ത് പ്രസിഡന്റ് ടി എസ് ബൈജുവും നെന്മണിക്കര ഫാമിലി ഹെല്‍ത്ത് സെന്ററിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. രക്ഷാകര്‍ത്താക്കളുടെ ആശങ്ക അകറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്കി. ഡിഎംഒയ്ക്കാണ് അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത് .
7 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് കൊവാക്സിന് നല്കാന് അനുമതി ഉണ്ടെന്നും, ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്നും സ്ഥലത്തെത്തിയ ജില്ലാ കളക്ടര്‍ ഹരിത വി. കുമാര്‍ അറിയിച്ചിരുന്നു. കളക്ടറുടെ നേതൃത്വത്തില്‍ വാക്സിനെടുത്ത 78 രക്ഷിതാക്കളെയും വിളിച്ചു. കുട്ടികള്‍ക്ക് കോ വാക്സിന് നല്കിയാലും ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകില്ലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
കുടുംബാരോഗ്യ കേന്ദ്രത്തിലും ജില്ലാ, മെഡിക്കല്‍ കോളജ് ആശുപത്രികളിലും ശിശു രോഗവിദഗ്ധരുടെ സേവനം 24 മണിക്കൂറും ഉറപ്പാക്കിയതായും ജില്ലാ ഭരണകൂടം അറിയിച്ചു.
Content Highlights – Covid Vaccination, Thrisur , Collector seeks report