സംസ്ഥാനത്ത് എച്ച്1എൻ1, ഡെങ്കി കേസുകള്‍ കുത്തനെ കൂടുന്നു
![](https://sarklive.com/wp-content/uploads/2022/07/fever.jpg)
കാലവർഷം ശക്തിപ്രാപിച്ചതോടെ സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണം കുതിച്ചുയർന്നു. എച്ച്1എൻ1, ഡെങ്കി ബാധിതരുടെ എണ്ണമാണ് കാര്യമായി കൂടുന്നത്.
അധികൃതരുടെ കണക്കുപ്രകാരം പ്രതിദിന പനിബാധിതരുടെ എണ്ണം പതിനൊന്നായിരം കടന്നു. പ്രതിദിന പനിബാധിതരുടെ എണ്ണം മൂന്നാഴ്ചയ്ക്കുള്ളില്‍ ഇരുപതിനായിരത്തിലേക്ക് ഉയരാൻ സാദ്ധ്യതയുണ്ടെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. പനി പടർന്നുപിടിക്കാൻ തുടങ്ങിയതോടെ ആരോഗ്യവകുപ്പിന്റെ പ്രത്യേക ആക്ഷൻ പ്ളാൻ നാളെമുതല്‍ തുടങ്ങും.
ആശങ്കപ്പെടുത്തുന്ന നിലയിലാണ് ഡെങ്കി കേസുകള്‍ ഉയരുന്നത്. പത്തുദിവസത്തിനിടെ 1075 ഡെങ്കി കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 217 എച്ച്1എൻ1 കേസുകളും 127 എലിപ്പനി കേസുകളും റിപ്പോർട്ടുചെയ്തു. ഡെങ്കി, എലിപ്പനി, എച്ച്1എൻ1 എന്നിവ ബാധിച്ച് 26 പേരാണ് ഈ മാസം മരിച്ചത്.
എച്ച്1എൻ1 കേസുകള്‍ കഴിഞ്ഞമാസത്തെക്കാള്‍ മൂന്നിരട്ടിയാണ് ഈ മാസം റിപ്പോർട്ടുചെയ്തത്. ഡെങ്കിപ്പനി ഏറെ റിപ്പോർട്ടുചെയ്യുന്നത് എറണാകുളത്താണ്. ഇതിനൊപ്പം തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, തൃശൂർ ജില്ലകളിലും ഡെങ്കി ബാധിതരുടെ എണ്ണം കാര്യമായ തോതില്‍ കൂടുന്നുണ്ട്.