പ്രസവത്തിനിടെ കുഞ്ഞു മരിച്ചു, പിന്നാലെ അമ്മയും; ചികിത്സാ പിഴവെന്ന് ബന്ധുക്കൾ, ആശുപത്രിക്ക് മുന്നിൽ ബന്ധുക്കളുടെ പ്രതിഷേധം
പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രസവത്തിനിടെ നവജാതശിശു മരിച്ചു. പിന്നാലെ അമ്മയും. ചികിത്സാപ്പിഴവുകൊണ്ടാണെന്ന് ആരോപിച്ച് ബന്ധുക്കൾ പ്രതിഷേധവുമായി രംഗത്തെത്തി. ചിറ്റൂർ-തത്തമംഗലം ചെമ്പകശ്ശേരിയിലുള്ള എം. രഞ്ജിത്തിന്റെ ഭാര്യ ഐശ്വര്യയും കുഞ്ഞുമാണ് തങ്കം ആശുപത്രിയിൽ മരിച്ചത്. കുഞ്ഞ് ഞായറാഴ്ചയാണ് മരിച്ചത്. തിങ്കളാഴ്ച ഐശ്വര്യയും മരിച്ചു.
പ്രസവശേഷം ആരോഗ്യസ്ഥിതി മോശമായ ഐശ്വര്യയെ തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു.മരണം സ്ഥിരീകരിച്ചതോടെ ബന്ധുക്കൾ ആശുപത്രിയിൽ തടിച്ചുകൂടി. നേരത്തെ ചികിത്സിച്ച ഡോക്ടറല്ല പ്രസവ സമയത്ത് ഉണ്ടായിരുന്നത്. നിരന്തരം ആവശ്യപ്പെട്ടിട്ടും സിസേറിയൻ നടത്താൻ ഡോക്ടർമാർ തയ്യാറായില്ലെന്നും ബന്ധുക്കൾ പറയുന്നു. ചികിത്സാ പിഴവാണെന്നും ഉത്തരവാദികളായ ഡോക്ടർമാർക്കെതിരെ കേസെടുക്കണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു. കുഞ്ഞ് മരണത്തിൽ ബന്ധുക്കൾ മന്ത്രി കെ. കൃഷ്ണൻകുട്ടിക്കും പോലീസിനും പരാതി നൽകിയിരുന്നു. ഈ പരാതി ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് കൈമാറിയതായി മന്ത്രി അറിയിച്ചു. കേസെടുത്തിട്ടുണ്ടെന്ന് പാലക്കാട് സൗത്ത് പോലീസ് ഇൻസ്പെക്ടർ വി. ഹേമലത പറഞ്ഞു.
പരാതിയുയർന്ന സാഹചര്യത്തിൽ പോലീസിടപെട്ട് കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തിയിരുന്നു. ജൂൺ 29 നാണ് ഐശ്വര്യയെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ശനിയാഴ്ച രാത്രിയാണ് ലേബർ റൂമിലേക്ക് കൊണ്ടുപോയത്.
പ്രസവം വൈകിയതിനാൽ ശസ്ത്രക്രിയ വേണമെന്ന് ബന്ധുക്കളാവശ്യപ്പെട്ടെങ്കിലും അതിന് തയ്യാറായില്ലെന്നും പുലർച്ചെ രണ്ടരയോടെ കുഞ്ഞ് മരിച്ചതായി അറിയിക്കുകയായിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു. സമ്മതമില്ലാതെ ഐശ്വര്യയുടെ ഗർഭപാത്രം നീക്കിയെന്നും ബന്ധുക്കൾ പറഞ്ഞു.
ആശുപത്രിയുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്നും കൃത്യമായ ചികിത്സ നൽകിയെന്നും ആശുപത്രി അധികൃതർ അറിയിച്ചു. അമിതരക്തസ്രാവമാണ് ഐശ്വര്യയുടെ മരണകാരണമെന്നാണ് ഡോക്ടർമാർ പറയുന്നത്.
Content Highlights: Mother and Child death at Palakkad hospital