രാജ്യത്ത് പുതിയ ഓമിക്രോണിന്റെ വകഭേദം കണ്ടെത്തി; ബി.എ 2.75 വകഭേദമെന്ന് ഡബ്ല്യുഎച്ച്ഒ
രാജ്യത്ത് കോവിഡ് വൈറസിന്റെ ഒമിക്രോണിന്റെ പുതിയ വകഭേദം കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന. ബി.എ 2.75 വകഭേദമാണ് കണ്ടെത്തിയത്. കഴിഞ്ഞ രണ്ടാഴ്ചയായി ലോകവ്യാപകമായി കോവിഡ് കേസുകൾ 30 ശതമാനത്തോളം വർധിച്ചിട്ടുണ്ടെന്ന് ലോകാരോഗ്യസംഘടന ഡയറക്ടർ ജനറൽ ട്രെഡോസ് ആദാനോം ഗെബ്രിയേസസ് അറിയിച്ചു.
യൂറോപ്പയിലും അമേരിക്കയിലും ബി.എ ഫോർ, ബി.എ ഫൈവ് എന്നീ വകഭേദങ്ങളാണ് കണ്ട് വരുന്നത്. ഇന്ത്യയില് ബി.എ 2.75 എന്ന പുതിയ വകഭേദമാണ് പടരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ വകഭേദം ഇന്ത്യയിലാണ് ആദ്യം കണ്ടെത്തിയതിന് പുറമെ മറ്റു 10 രാജ്യങ്ങളിൽ കണ്ടെത്തിയെന്നും ഡബ്ലു.എച്ച്.ഒ-യുടെ ശാസ്ത്രജ്ഞ ഡോ.സൗമ്യ സ്വാമിനാഥന് ചൂണ്ടിക്കാട്ടി. ഇത് പ്രതിരോധ ഒഴിവാക്കൽ ഗുണങ്ങളുണ്ടോ അതോ കൂടുതല് ഗുരുതര സ്വഭാവമുള്ളതാണോ എന്നറിയാൻ ഇനിയും സമയമുണ്ടെന്നും സൗമ്യ സ്വാമിനാഥൻ പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ സാങ്കേതിക ഉപദേശക സംഘം പുതിയ വകഭേദത്തെ നിരീക്ഷിക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
ജൂൺ 27 – ജൂലൈ 3 വരെയുള്ള ആഴ്ചയിൽ ലോകവ്യാപകമായി 4.6 ദശലക്ഷത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞാഴ്ച്ചത്തെ അപേക്ഷിച്ച് പ്രതിവാര മരണങ്ങളുടെ എണ്ണത്തിൽ 12 ശതമാനം കുറവുണ്ട്. ഈ ജൂലൈ 3 വരെ ആകെ 546 ദശലക്ഷത്തിലധികം കോവിഡ് കേസുകളും 63 ലക്ഷം മരണങ്ങളും റിപ്പോർട്ട് ചെയ്തു.
Content Highlights- Covid 19, increasing cases, pandemic, Omicron