നിപ സംശയം: തിരുവനന്തപുരത്തും ഒരാള്‍ നിരീക്ഷണത്തില്‍
കോഴിക്കോടിന് പിന്നാലെ തിരുവനന്തപുരത്തും നിപ വൈറസ് ബാധയെന്ന് ആശങ്ക. സംശയകരമായ ലക്ഷണങ്ങളോടെ ഒരാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍.
അസ്വാഭാവിക പനിബാധയോടെ ചികിത്സ തേടിയ തിരുവനന്തപുരം ഡെന്റല്‍ കോളജ് വിദ്യാര്‍ഥിയെയാണ് മെഡിക്കല്‍ കോളജില്‍ പ്രത്യേക നിരീക്ഷണത്തിലാക്കിയതെന്ന് സൂപ്രണ്ട് ഡോ. എ. നിസാറുദ്ദീന്‍ അറിയിച്ചു.
കടുത്ത പനിയെതുടര്‍ന്ന് ചൊവ്വാഴ്ച രാവിലെയാണ് ഇയാള്‍ ചികിത്സക്കെത്തിയത്. സംശയകരമായ ലക്ഷണങ്ങള്‍ തോന്നിയതോടെ പ്രത്യേകം സജ്ജീകരിച്ച മുറിയില്‍ നിരീക്ഷണത്തിലാക്കി. ശരീര സ്രവങ്ങള്‍ കൂടുതല്‍ പരിശോധനക്കായി പൂനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചതായും വ്യക്തമാക്കി. പനിക്ക് ചികിത്സ തേടിയെത്തിയ ഇയാള്‍ വവ്വാല് കടിച്ച പഴങ്ങള്‍ ഭക്ഷിച്ചതായി സംശയിക്കുന്നെന്ന് വെളിപ്പെടുത്തിയതോടെയാണ് പ്രത്യേക വാര്‍ഡിലേക്ക് മാറ്റിയത്.