തള്ളിക്കളയാൻ വരട്ടെ മുള്ളങ്കി ചില്ലറക്കാരനല്ല
റാഡിഷ് അല്ലെങ്കിൽ മുള്ളങ്കി എന്നത് ആന്റി ഓക്സിഡന്റുകളാലും ഫൈബറാലും സമ്പന്നമായ ഒരു കിഴങ്ങാണ്. “ബ്രാസിക്കേസീ” കുടുംബത്തിൽ പ്പെട്ട മുള്ളങ്കിയുടെ ശാസ്ത്രീയനാമം “റഫാനസ് സറ്റൈവസ്” എന്നതാണ് . കിഴങ്ങു വർഗ്ഗത്തിൽ പെട്ട ഈ സസ്യം നല്ലൊരു ഔഷധം കൂടിയാണ്. മൂത്രശുദ്ധി ഉണ്ടാക്കാനും ദഹനശക്തി വർദ്ധിപ്പിക്കാനും ഇവ പ്രധാനമായി ഉപയോഗിക്കുന്നു.
റാഡിഷ് കഴിക്കുന്നതിലൂടെ നമുക്ക് ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ പലതാണ്. കിഴങ്ങു വർഗത്തിൽപ്പെട്ട റാഡിഷിൽ ഫെെബർ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ ഇത് പതിവായി കഴിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങൾ കുറയ്ക്കുന്നു. വിറ്റാമിന് എ, സി, ഇ, പൊട്ടാസ്യം തുടങ്ങിയ മറ്റ് പോഷകങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്.
റാഡിഷിൽ അടങ്ങിയിരിക്കുന്ന ആന്തോസയാനിനുകൾ ഹൃദയത്തെ ശരിയായി പ്രവർത്തിക്കാൻ സഹായിക്കുന്നു. അതുപോലെ തന്നെ റാഡിഷിൽ പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദ്ദം കുറയ്ക്കാനും രക്തയോട്ടം നിയന്ത്രിക്കാനും സഹായിക്കും. കൂടാതെ വിറ്റാമിൻ സി, ഫോളിക് ആസിഡ്, ഫ്ലേവനോയ്ഡുകൾ എന്നിവയും അവയിൽ കൂടുതലായി ഉണ്ട് .
റാഡിഷ് പതിവായി കഴിക്കുന്നതിലൂടെ ജലദോഷം, ചുമ എന്നിവയിൽ നിന്ന് മോചനം ലഭിക്കാനും പ്രതിരോധശേഷി മെച്ചപ്പെടുത്താനും സാധിക്കുന്നു. റാഡിഷിന് കൊളാജൻ ഉത്പാദിപ്പിക്കുന്നതിൽ ഒരു പ്രധന പങ്കുണ്ട്. ഇത് രക്തക്കുഴലുകളെ ഉത്തേജിപ്പിക്കുകയും ചെയ്യും.
റാഡിഷിൽ തന്നെ പല ഇനങ്ങളുണ്ട്. ചുവന്ന നിറത്തിലുള്ള റാഡിഷിൽ വിറ്റാമിൻ ഇ, എ, സി, ബി6, കെ എന്നിവ അടങ്ങിയിട്ടുണ്ട്. ആൻ്റിഓക്സിഡൻ്റുകൾ, ഫൈബർ, സിങ്ക്, പൊട്ടാസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, കോപ്പർ, കാൽസ്യം, ഇരുമ്പ്, മാംഗനീസ് എന്നിവ അടങ്ങിയിട്ടുള്ളതിനാൽ ഇവ ശരീരത്തെ നല്ല രീതിയിൽ പ്രവർത്തിക്കാൻ സഹായിക്കുന്നു.
റാഡിഷ് ജ്യൂസായി ദിവസവും കുടിക്കുന്നത് വരൾച്ച, മുഖക്കുരു, തിണർപ്പ് എന്നിവയെ അകറ്റി നിർത്തി ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്തുന്നു. റാഡിഷ് പേസ്റ്റായി മുഖത്തു ഉപയോഗിക്കുന്നത് ചർമ്മത്തെ മൃദുവാക്കാൻ സഹായിക്കും.
റാഡിഷിൽ നിരവധി നാരുകൾ ഉള്ളതിനാൽ അമിതമായി ഭക്ഷണം കഴിക്കുന്നതിൽ നിന്ന് തടയാനും ഇത് സഹായിക്കും. പ്രമേഹമുള്ളവർക്ക് ധെെര്യമായി കഴിക്കാവുന്നൊരു കിഴങ്ങ് വർഗമാണ് റാഡിഷ്, കാരണം ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുകായും ചെയ്യുന്നുണ്ട്.
ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുന്ന ഡൈയൂററ്റിക് ഗുണങ്ങൾ റാഡിഷിന് ഉണ്ട്. ഇത് മൂത്രത്തിലൂടെ വിഷവസ്തുക്കളെ പുറന്തള്ളുന്നതിനും കരളിനെ വിഷമുക്തമാക്കുന്നതിനും സഹായിക്കുന്നു.