വിമാനത്തിൽ സഹയാത്രികന്റെ ജീവൻ രക്ഷിച്ച് തെലങ്കാന ഗവർണർ
ഡൽഹിയിൽ നിന്ന് ഹൈദരാബാദിലേക്കുള്ള ഇൻഡിഗോ എയർലൈൻസ് വിമാനത്തിൽ വെള്ളിയാഴ്ച്ച യാത്ര ചെയ്യുമ്പോൾ സഹയാത്രികന്റെ ജീവൻ രക്ഷിച്ച് തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദരരാജൻ. യാത്രക്കിടെ അസ്വസ്ഥത അനുഭവപ്പെട്ട യാത്രക്കാരനെ ഡോക്ടറായ ഗവർണർ പരിചരിക്കുകയായിരുന്നു.
ഗവർണർ ചികിത്സിച്ചത് സഹയാത്രികനായ കൃപാനന്ദ് ത്രിപാഠി ഉജെലയെയാണ്. റോഡ് സേഫ്റ്റി വിഭാഗം എഡിജിപിയാണ് കൃപാനന്ദ് ത്രിപാഠി ഉജെല. ഗവർണർ യാത്രക്കാരനെ പരിചരിക്കുന്ന വീഡിയോ വിട്ടത് വിമാനത്തിലെ മറ്റൊരു യാത്രികനായ രവി ചന്ദർ നായിക് മുദവത്താണ്. ‘ഡോക്ടറായ ആരെങ്കിലും യാത്രക്കാരിലുണ്ടോ’ എന്ന് ചോദിച്ചപ്പോഴാണ് ഗവർണർ പ്രാഥമിക ശുശ്രൂഷ നൽകിയത്. യാത്രക്കാരന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞത് ഗവർണറിന്റെ സമയോചിതമായ ഇടപെടൽ കൊണ്ടാണെന്ന് മറ്റു യാത്രക്കാർ പറഞ്ഞു. വിമാനത്തിൽ നിന്നിറങ്ങിയ കൃപാനന്ദ് ത്രിപാഠി ഉജെലയെ വിമാനത്താവളത്തിൽ നിന്ന് നേരെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ച ഇദ്ദേഹത്തിന് ഡെങ്കിപ്പനി സ്ഥിരീകരിച്ചു.
‘ഗവർണർ എന്റെ ജീവൻ രക്ഷിച്ചു. അവർ എന്നെ അമ്മയെപ്പോലെയാണ് പരിചരിച്ചത്. ആശുപത്രിയിലെത്തി ചികിത്സിക്കുമ്പോഴേക്കും എന്റെ ജീവൻ നഷ്ടമാകുമായിരുന്നു. ഗവർണർക്ക് നന്ദിയുണ്ട്. എന്റെ പൾസ് ഗവർണർ ചെക്ക് ചെയ്തപ്പോൾ വെറും 39 ആയിരുന്നു. എന്നോട് മുന്നിലേക്ക് കുനിഞ്ഞിരിക്കുവാൻ ഉപദേശിക്കുകയും വിശ്രമിക്കുവാൻ സഹായിക്കുകയും ചെയ്തു.’ കൃപാനന്ദ് ത്രിപാഠി ഉജെല മാധ്യമങ്ങളോട് പറഞ്ഞു.
Content Highlights – Telangana Governor, Saves Life , Passenger