എംഎല്‍എയാകാൻ രാജിവച്ച് 10 എംപിമാര്‍; കേന്ദ്രമന്ത്രിസഭയില്‍ അഴിച്ചുപണി ഉടൻ
കേന്ദ്രമന്ത്രിസഭയില്‍ അഴിച്ചുപണി ഉടനുണ്ടാകുമെന്ന് സൂചന. മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച 12 ബിജെപി എംപിമാര്‍ സംസ്ഥാനങ്ങളിലേക്ക് പോകുന്ന സാഹചര്യത്തിലാണിത്. ഇവരില്‍ പത്തുപേര്‍ നിലവില്‍ രാജിവച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയുടെയും അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിനുപിന്നാലെയാണ് എംപിമാരുടെ രാജി. കേന്ദ്രമന്ത്രിമാരായ നരേന്ദ്ര സിംഗ് തോമര്‍, പ്രഹ്ലാദ് സിംഗ് പട്ടേല്‍ എന്നിവര്‍ക്ക് പുറമെ മധ്യപ്രദേശില്‍നിന്നുള്ള രാകേഷ് സിംഗ്, ഉദയ് പ്രതാപ്, റിതി പഥക്, ഛത്തീസ്ഗഡില്‍നിന്നുള്ള അരുണ്‍ സഹോ, ഗോമതി സായി, രാജസ്ഥാനില്‍നിന്നുള്ള രാജ്യവര്‍ധന്‍ സിംഗ് റാത്തോഡ്, കിരോടി ലാല്‍ മീണ, ദിയ കുമാരി എന്നിവരാണ് രാജിവച്ചത്.
ഇതില്‍ കേന്ദ്ര മന്ത്രി രേണുക സിങ്, മഹന്ത് ബാലകാന്ത് എന്നിവര്‍ രാജിവെച്ചിട്ടില്ല. ഇവരും വൈകാതെ രാജിവയ്ക്കും. രാജിവെച്ച എംപിമാര്‍ക്ക് സംസ്ഥാനങ്ങളില്‍ നിര്‍ണായക ചുമതലകള്‍ നല്‍കാനാണ് സാധ്യത.