ഒറ്റദിനം ഇന്ത്യന് റെയില്വേയില് സഞ്ചരിച്ചത് മൂന്ന് കോടി യാത്രക്കാര്; റെക്കോര്ഡ്
യാത്രക്കാരുടെ എണ്ണത്തില് റെക്കോര്ഡ് ഇട്ട് ഇന്ത്യന് റെയില്വേ. നവംബര് നാലിന് ഇന്ത്യയൊട്ടാകെ മൂന്ന് കോടി യാത്രക്കാരാണ് ഇന്ത്യന് റെയില്വേയെ ആശ്രയിച്ചത്.
ഇത് ചരിത്ര നേട്ടമാണെന്ന് റെയില്വേ മന്ത്രാലയം പ്രസ്താവനയില് അറിയിച്ചു. നവംബര് 4ന്, രാജ്യമൊട്ടാകെ 1.20 കോടി നോണ് സബര്ബന് യാത്രക്കാരാണ് ട്രെയിനില് സഞ്ചരിച്ചത്. ഇതില് 19.43 ലക്ഷം റിസര്വ്ഡ് യാത്രക്കാരും 1.01 കോടി ജനറല് കംപാര്ട്ട്മെന്റ് യാത്രക്കാരും ഉള്പ്പെടും. സബര്ബന് മേഖലയില് 1.80 കോടി യാത്രക്കാരാണ് ഇന്ത്യന് റെയില്വേയെ ആശ്രയിച്ചത്.
ഒക്ടോബര് 1 മുതല് നവംബര് 5 വരെ ബിഹാര്, കിഴക്കന് ഉത്തര്പ്രദേശ്, ഝാര്ഖണ്ഡ് എന്നിവിടങ്ങളിലേക്ക് ഷെഡ്യൂള് ചെയ്ത ട്രെയിനുകള് വഴി ഏകദേശം 6.85 കോടി യാത്രക്കാരാണ് സഞ്ചരിച്ചത്. യാത്രക്കാരുടെ എണ്ണം ഓസ്ട്രേലിയ, ന്യൂസിലന്ഡ് തുടങ്ങിയ രാജ്യങ്ങളിലെ മൊത്തം ജനസംഖ്യയുടെ മുകളില് വരും.