60 രൂപയുടെ പെൺകുട്ടി ഇന്ന് ഒരു ഷോയിൽ വാങ്ങുന്നത് 15 ലക്ഷം; ഉള്ളില്‍ കരയുമ്പോഴും, ആളുകളെ ചിരിപ്പിച്ച ഭാർതി സിംഗ്

ഇന്ന് ഇന്ത്യന്‍ ടെലിവിഷനിലെ ഏറ്റവും അറിയപ്പെടുന്ന ഒരു പേരാണ് ഭാര്‍തി സിങ് എന്നത് . ടെലിവിഷന്‍ രംഗത്തെ ഏറ്റവും വിലപിടിപ്പുള്ള താരങ്ങളിൽ ഒരാൾ. അവാര്‍ഡ് നൈറ്റുകൾ, റിയാലിറ്റി ഷോ…ഇതിലെല്ലാം ഭാര്തിയുണ്ടെങ്കില് സംഭവം ഹിറ്റായി മാറും. നിരവധി കോമഡി ഷോകളും ഭാരതി സിംഗ് അവതരിപ്പിച്ചിട്ടുണ്ട്.
ഇന്ത്യയിൽ പേരെടുത്ത വളരെക്കുറച്ച് വനിതാ ഹാസ്യതാരങ്ങളേയുള്ളൂ. അതിൽ ഏറ്റവും മുമ്പിലാണ് അവതാരക കൂടിയായ ഭാർതി സിങ്. ഇന്ത്യൻ ടെലിവിഷനിൽ ആദ്യമായി കോമഡി അവതരിപ്പിച്ച് കൈയ്യടി നേടിയ ഒരാളാണ് ഇവർ. ഇപ്പോൾ ഒരു ഷോക്ക് 15 ലക്ഷം മുതലാണ് ഇവരുടെ പ്രതിഫലം.
ഭാരതി ഒരിക്കൽ ദുരിതപൂർണ്ണമായിരുന്ന അവരുടെ ഭൂതകാലത്തെ കുറിച്ചും പറയുന്നുണ്ട്. കടുത്ത സാമ്പത്തിക പ്രശ്നങ്ങൾ കാരണം തന്നെ ഗർഭത്തിൽ വെച്ച് നശിപ്പിച്ചുകളയാൻ അമ്മ തീരുമാനിച്ചിരുന്നു എന്നാണ് അവർ വെളിപ്പെടുത്തിയത്.
രാജ് ശമാനിയുടെ പോഡ്കാസ്റ്റിലാണ് ഇക്കാര്യം അവർ പറഞ്ഞത്. ‘ഞാൻ മൂന്നാമത്തെ കുട്ടിയായിരുന്നു. എന്റെ അച്ഛൻ ഒരു ഫാക്ടറിയിലാണ് ജോലി ചെയ്തത്. അമ്മ വീട്ടമ്മയും. എനിക്ക് മുകളിൽ രണ്ട് കുട്ടികളുണ്ടായിരുന്നു. അന്നൊക്കെ ഗർഭിണിയാണെന്ന് പെട്ടെന്ന് തിരിച്ചറിയില്ല. രണ്ടോ മൂന്നോ മാസം കഴിഞ്ഞാണ് അമ്മ ഗർഭിണിയാണെന്ന് തിരിച്ചറിയുന്നത്.
ഇതോടെ ആ ഗർഭം ഒഴിവാക്കാൻ അമ്മ പല സിദ്ധന്മാരിൽ നിന്നും പച്ചമരുന്നുകൾ വാങ്ങിക്കഴിച്ചു. കാൽമുട്ടിലിരുന്ന് തറ തുടച്ചു, പപ്പായയും ഈന്തപ്പഴവും പോലുള്ള ഭക്ഷണങ്ങൾ കഴിച്ചു. ഈ കുഞ്ഞ് വേണ്ടെന്ന് വെക്കാൻ വേണ്ടിയായിരുന്നു അതെല്ലാം ചെയ്തത്. പക്ഷേ ഞാൻ ജനിക്കേണ്ടവളായിരുന്നു. എന്റെ അമ്മ ഒറ്റയ്ക്കാണ് എന്നെ പ്രസവിച്ചത്, അന്ന് അവർ വീട്ടിൽ തനിച്ചായിരുന്നു അച്ഛൻ രാത്രി ജോലിക്ക് പോയിരുന്നു.
അന്ന് പ്രസവ സമയത്ത് പൊക്കിൾക്കൊടി മുറിക്കാൻ ഒരു വയറ്റാട്ടിയെ വിളിച്ചു, അവർ 60 രൂപയാണ് വാങ്ങിയത്. അതുകൊണ്ട് ഞാൻ 60 രൂപയ്ക്ക് ജനിച്ചവളാണ്. ഞാൻ 60 രൂപയുടെ ഒരു കുട്ടിയാണ്. ഇപ്പോൾ, ഞാൻ എൻറെ അമ്മയ്ക്ക് ഒന്നര കോടി രൂപയുടെ വീട് വാങ്ങിക്കൊടുത്തു.
എന്നെ വേണ്ടെന്ന് തീരുമാനിച്ചങ്കിലും ജനനശേഷം അമ്മ ഒരുപാട് സ്നേഹം നൽകിയാണ് വളർത്തിയത്. കരിയറിനെ എപ്പോഴും പിന്തുണച്ചു. അച്ഛൻ മരിച്ചപ്പോൾ തന്നെയും സഹോദരങ്ങളെയും ബുദ്ധിമുട്ടുകളറിയിക്കാതെ വളർത്തിയെന്നും ഭാർതി പറയുന്നു. സ്വന്തം നിലയിൽ പണം സമ്പാദിക്കാറായപ്പോൾ ആ അമ്മയ്ക്ക് എല്ലാവിധ ആഡംബരങ്ങളും നൽകിക്കൊണ്ട് ആ സ്നേഹം താൻ തിരികെ നൽകിയെന്നാണ് ഭാരതി പറയുന്നത്.
ഇന്ത്യാസ് ഗോട്ട് ടാലന്റ്, ദ കപില്‍ ശര്‍മ ഷോ, ഇന്ത്യാസ് ബെസ്റ്റ് ഡാന്‍സര്‍…അങ്ങനെ കുറേ പരിപാടികള്‍ ആങ്കർ ചെയ്തിട്ടുണ്ട്. അന്ന് പലതിലും അവതാരകനും എഴുത്തുകാരനും കൊമേഡിയനുമായ ഹര്‍ഷ് ലിംബാച്ചിയയും കൂടെ ഉണ്ടായിരുന്നു. വര്‍ഷങ്ങള്‍ നീണ്ടുനിന്ന പ്രണയത്തിനുശേഷം, 2017-ല്‍ ഇരുവരും വിവാഹിതരായി. ഗര്‍ഭിണിയായിട്ടും ജോലിയിൽ നിന്നും മാറി നിൽക്കാതെ പ്രോഗ്രാം ചെയ്തത് കൊണ്ട് ഇന്ത്യയിലെ ആദ്യത്തെ പ്രെഗ്നന്റ് ആങ്കർ എന്ന പേരും ഇവർക്കുണ്ട്.