ഗർഭിണി ആശുപത്രിയിൽ എത്തിയത് കാളവണ്ടിയിൽ, റോഡില്ല, ആംബുലൻസില്ല, ആശുപത്രിയില്ല.. സ്ഥലങ്ങളുടെ പേര് മാറ്റാൻ മാത്രം ഉത്സാഹിക്കുന്ന യോഗിയും ഉത്തർപ്രദേശും
ഉത്തര്‍പ്രദേശിലെ ഒരു ഗ്രാമത്തിന്റെ പേരാണ് മുസ്തഫാബാദ്. എന്നാൽ ഇനി അതിന്റെ പേര് കബീര്‍ധാം എന്ന് മാറ്റുമെന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറയുന്നത് . സംസ്ഥാനത്തെ ലഖിംപൂര്‍ ഖേരി ജില്ലയില്‍ നടന്ന സ്മൃതി മഹോത്സവ മേളയില്‍ സംസാരിക്കുമ്പോളാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരി ജില്ലയില്‍ സ്ഥിതി ചെയ്യുന്ന മുസ്തഫാബാദ് എന്ന ഗ്രാമത്തിന്റെ പേരാണ് മാറ്റാന്‍ ഒരുങ്ങുന്നത്. നേരത്തെ തന്നെ ഒരുപാട് സ്ഥലങ്ങളുടെ പേരുകള്‍ മാറ്റിയ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നടപടി വിവാദത്തിലായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം.
പ്രശസ്ത ഹിന്ദി കവി സന്ത് കബീര്‍ ദാസിന്റെ പാരമ്പര്യം നിലനിര്‍ത്താനാണ് ഇങ്ങനെയൊരു പ്രഖ്യാപനം എന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. കവി സന്ത് കബീറുമായി ബന്ധപ്പെട്ട സ്ഥലത്തിന്റെ സാംസ്കാരികവും ചരിത്രപരവുമായ പൈതൃകം പുനഃസ്ഥാപിക്കാന്‍ ഈ പേര് മാറ്റം സഹായിക്കുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഉത്തര്‍പ്രദേശിലെ വാരണാസിയിലാണ് കബീര്‍ ദാസ് ജനിച്ചത്.
‘നേരത്തെ ഭരിച്ച ആളുകൾ അയോധ്യയെ ഫൈസാബാദ് എന്നും പ്രയാഗ് രാജിനെ അലഹബാദ് എന്നും കബീര്‍ധാമിനെ മുസ്തഫാബാദ് എന്നും പേര് മാറ്റി. ഞങ്ങളുടെ സര്‍ക്കാര്‍ ആ കാര്യങ്ങളെല്ലാം തിരുത്തുകയാണ്. അയോധ്യ, പ്രയാഗ് രാജ് എന്നീ പേരുകള്‍ പുനഃസ്ഥാപിച്ചു കഴിഞ്ഞു. ഇപ്പോള്‍ മുസ്തഫാബാദിനെ അതിന്റെ യഥാര്‍ത്ഥ പേരായ കബീര്‍ധാം എന്ന പേരിലേക്ക് തിരികെ കൊണ്ട് വരികയാണ്.
ഈ ഗ്രാമത്തില്‍ മുസ്ലീം ജനസംഖ്യ ഇല്ലാതിരുന്നിട്ടും മുസ്തഫാബാദ് എന്ന പേരിലാണ് ആ ഗ്രാമം അറിയപ്പെടുന്നതെന്ന് അറിഞ്ഞപ്പോള്‍ താന്‍ ആശ്ചര്യപ്പെട്ടു എന്നും അതിനെ തുടര്‍ന്നാണ് കബീര്‍ധാം എന്ന് പേര് മാറ്റാനുള്ള തീരുമാനം ഉണ്ടായതെന്നും യോഗി പറഞ്ഞു.
സംസ്ഥാനത്തുടനീളമുള്ള എല്ലാ വിശ്വാസ കേന്ദ്രങ്ങളും തീര്‍ത്ഥാടന കേന്ദ്രങ്ങളും മനോഹരമാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഭക്തര്‍ക്കായി വിശ്രമ കേന്ദ്രങ്ങളും അഭയകേന്ദ്രങ്ങളും നിര്‍മ്മിക്കണം. ടൂറിസം, സാംസ്കാരിക വകുപ്പുകള്‍ വഴി കാശി, അയോധ്യ, കുശിനഗര്‍, നൈമിഷാരണ്യം, മഥുര-വൃന്ദാവന്‍, ബര്‍സാന, ഗോവര്ദ്ധന് എന്നിങ്ങനെ എല്ലാ പ്രധാന വിശ്വാസ കേന്ദ്രങ്ങളും അതിന്റെ പ്രതാപകാലം വീണ്ടെടുക്കുമെന്നും കൂടെ അദ്ദേഹം പറഞ്ഞു.
ഇതേ യൂപിയിൽ തന്നെയാണ് ഇന്നലെ പ്രസവ വേദനയെ തുടര്‍ന്ന് ഒരു യുവതിയെ കാളവണ്ടിയിൽ കയറ്റി ആശുപത്രിയിലെത്തിച്ചത്. ഹാമിര്‍പൂര്‍ സ്വദേശിയായ രേഷ്മയാണ് ആശുപത്രിയിലേക്ക് കാളവണ്ടിയില്‍ പോയത്. യുവതിക്ക് പ്രസവ വേദന അനുഭവപ്പെട്ടതോടെ കുടുംബം നിരവധി തവണ ആംബുലന്‍സ് വിളിച്ചു.
ഈ ഗ്രാമത്തിലേക്കുള്ളത് വെറുമൊരു ചെമ്മണ്ണിൻറെ വഴിയാണ്. ആ വഴി തന്നെ അകെ താറുമാറായി കിടക്കുകയാണ്. ഏതാണ്ട് പൂര്‍ണമായും തകര്‍ന്ന അവസ്ഥ. അതുകൊണ്ട് ആ ഗ്രാമത്തിലേക്ക് എത്താന്‍ സാധിക്കില്ലെന്ന് ആംബുലന്‍സ് ഡ്രൈവര്‍മാര്‍ അറിയിച്ചു.
ഏറെ നേരം കാത്ത് നിന്നിട്ടും റോഡില്ലാത്ത പര്സദ്വ ഗ്രാമത്തിലേക്ക് ആംബുലന്‍സ് ഒന്നും തന്നെ എത്തിയില്ല. അപ്പോഴേക്കും രേഷ്മയ്ക്ക് വേദനയും കൂടിവന്നു. അങ്ങനെ രേഷ്മയുടെ ഭർത്താവിന്റെ അച്ഛൻ ആ ഗ്രാമത്തില്‍ നിന്നും പഴയൊരു കാളവണ്ടി സംഘടിപ്പിച്ചു. രേഷ്മയെ അതില്‍ കയറ്റി ആശുപത്രിയിലേക്ക് തിരിച്ചു.
ടാര്‍ ചെയ്യാത്ത റോഡിന്റെ ഭൂരിഭാഗവും ചെളിയും വെള്ളക്കെട്ടും കുഴികളുമാണ്. വേദനയില്‍ പുളയുന്ന രേഷ്മയെയും കൊണ്ട് കാളവണ്ടി മുന്നോട്ട് നീങ്ങി. ഏറെ നേരത്തെ യാത്രയ്ക്ക് ശേഷം രേഷ്മയെ ഹാമിര്‍പൂരിലെ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്കി. കൂടുതൽ അനിഷ്ട സംഭവങ്ങൾ ഒന്നും ഉണ്ടായില്ല. രേഷ്മ പ്രസവിച്ചു. രേഷ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികാരികൾ അറിയിച്ചിട്ടുമുണ്ട്.
ഒരു നല്ല റോഡില്ലാത്ത, ആശുപത്രിയില്ലാത്ത, ശരിയായ ഗതാഗത സംവിധാനമില്ലാത്ത ഒരുപാട് സ്ഥലങ്ങൾ അടങ്ങുന്ന ഒരു സംസ്ഥാനം ഭരിക്കുന്ന ആളാണ് യോഗി ആദിത്യനാഥ്. അവിടുള്ള പട്ടണങ്ങളുടെയും ഗ്രാമങ്ങളുടെയും പേര് മാറ്റി കളിക്കുക എന്നതാണ് അദ്ദേഹത്തിന്റെ ഇഷ്ട വിനോദം. അടിസ്ഥാന സൗകര്യങ്ങൾ ഒന്നും പുള്ളിക്ക് ഒരു വിഷയമേയല്ല. എന്നാലും ഇദ്ദേഹത്തിന് അസാധ്യമായ ഫാൻ ബേസ് ആണുള്ളത്. ഇന്ത്യയിലെ ഏറ്റവും നല്ല മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥിനെയാണ് പലരും ഉയർത്തി കാണിക്കുന്നത്.













