അസമിലെ നാലു ജില്ലകളില്‍ അഫ്സ്പ ആറുമാസത്തേക്കു നീട്ടി
അസമിലെ നാലു ജില്ലകളില്‍ അഫ്സ്പ (സായുധ സേന പ്രത്യേക അധികാര നിയമം) ആറു മാസത്തേക്ക് നീട്ടി. അയല്‍രാജ്യമായ ബംഗ്ലാദേശിലെ സമീപകാല സ്ഥിതിഗതികള്‍ അസമിന്റെ ആഭ്യന്തര സുരക്ഷയെ ബാധിക്കുമെന്ന ആശങ്കകളെ തുടർന്നാണ് തീരുമാനമെന്ന് ചൊവ്വാഴ്ച പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു.
ടിൻസുകിയ, ദിബ്രുഗഡ്, ചരൈഡിയോ, ശിവസാഗർ എന്നീ ജില്ലകളിലാണ് അഫ്സ്പ നീട്ടി അധികൃതർ ചൊവ്വാഴ്ച വിജ്ഞാപനം പുറപ്പെടുവിച്ചത്.
സുരക്ഷാ സേനയുടെ നിരന്തര ശ്രമങ്ങളും കലാപ പ്രതിരോധ നടപടികളും കാരണം കഴിഞ്ഞ മൂന്ന് വർഷങ്ങളില്‍ അസം സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള സാഹചര്യം മെച്ചപ്പെട്ടതായി പൊലീസ് ആസ്ഥാനത്തു ലഭിച്ച വിവിധ ഏജൻസികളില്‍ നിന്നുള്ള റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നയായി ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു. ബംഗ്ലാദേശിലെ സ്ഥിതിഗതികളാണ്
1958ലെ സായുധ സേന പ്രത്യേക അധികാര നിയമം നീട്ടാൻ അസം സർക്കാർ ശുപാർശ ചെയ്യാൻ കാരണമെന്നും അറിയിപ്പില്‍ പറയുന്നു. സംസ്ഥാന സർക്കാർ നിർദ്ദേശം ആഭ്യന്തര മന്ത്രാലയത്തിന് സമർപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഒക്ടോബർ മുതല്‍ സംസ്ഥാനത്ത് അഫ്സ്പയ്ക്ക് കീഴിലുള്ള ഏക മേഖലയാണ് ഇപ്പോള്‍ നിയമം നീട്ടിയ നാല് ജില്ലകള്‍.
ജോർഹട്ട്, ഗോലാഘട്ട്, കർബി ആംഗ്ലോംഗ്, ദിമ ഹസാവോ എന്നിവിടങ്ങളില്‍ നിന്ന് കഴിഞ്ഞ വർഷമായിരുന്നു നിയമം പിൻവലിച്ചത്