അഗ്നിപഥ് പ്രതിഷേധം: ഗൂഢാലോചന അന്വേഷിക്കാൻ കേന്ദ്ര ഇൻ്റലിജൻസ്
അഗ്നിപഥ് പദ്ധതിക്കെതിരായ അക്രമോത്സുകമായ പ്രതിഷേധങ്ങളിൽ ഗൂഢാലോചനയുണ്ടോയെന്നന്വേഷിക്കാൻ കേന്ദ്ര ഇൻ്റലിജൻസ്. രാജ്യവ്യാപകമായി അന്വേഷണം നടത്താനാണ് രഹസ്യാന്വേഷണ വിഭാഗം തീരുമാനിച്ചിരിക്കുന്നത്.
ഉദ്യോഗാർത്ഥികളെ തെരുവിലിറക്കി നടത്തിയ പ്രക്ഷോഭങ്ങളിൽ സൈനിക റിക്രൂട്ട്മെൻ്റ് നടത്തുന്ന കോച്ചിങ്ങ് സെൻ്ററുകളുടെ പങ്കാണ് അന്വേഷിക്കപ്പെടുന്നത്. വിവിധ കോച്ചിംഗ് സെന്ററുകൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കുകയാണ് അന്വേഷണ ഏജൻസികൾ. റെയിൽവേ സ്റ്റേഷൻ ആക്രമണവുമായി ബന്ധപ്പെട്ട് ബിഹാറിലെ രണ്ട് ഇൻസ്റ്റിറ്റ്യൂട്ടുകൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബിഹാറിൽ മാത്രം പ്രതിഷേധങ്ങൾ മൂലം 700 കോടിയുടെ നാശനഷ്ടമുണ്ടായെന്നാണ് റെയിൽവേ കണക്കാക്കുന്നത്. സെക്കന്ദരാബാദ് റെയിൽവേ സ്റ്റേഷനിലുണ്ടായ ആക്രമണത്തെക്കുറിച്ച് തെലങ്കാന പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അഗ്നിപഥിനെതിരായ പ്രതിഷേധങ്ങൾ പ്രധാനമായും ആക്രമിക്കപ്പെട്ടത് തീവണ്ടികളും റെയിൽവേ സ്റ്റേഷനുകളുമാണ്. പ്രതിഷേധത്തിൽ രാജ്യവ്യാപകമായി 2000 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് ഇന്ത്യൻ റെയിൽവേ കണക്കാക്കുന്നത്. നാല് സംസ്ഥാനങ്ങളിൽ പ്രതിഷേധക്കാർക്കെതിരെ കേസെടുത്തു. ബിഹാർ, ആന്ധ്രാപ്രദേശ്, തെലങ്കാന, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് കേസെടുത്തിരിക്കുന്നത്.