അഗ്നിപഥിൽ പ്രതിഷേധം രൂക്ഷമാകുന്നു; അയഞ്ഞ് കേന്ദ്രസർക്കാർ
സൈന്യത്തിൽ യുവസാന്നിദ്ധ്യം വർദ്ധിപ്പിക്കുക എന്ന ഉദ്ദേശത്തോടെ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യവ്യാപക പ്രതിഷേധം. ബിഹാറിലും ഉത്തർ പ്രദേശിലുമാണ് ഏറ്റവുമധികം പ്രതിഷേധം ദൃശ്യമായത്. ബെഹാർ അടക്കമുള്ള സംസ്ഥാനങ്ങളിൽ കലാപസമാനമായ സാഹചര്യം സംജാതമായതിനെത്തുടർന്ന് അഗ്നിപഥ് നിയമനത്തിൻ്റെ പ്രായപരിധി 23 ആയി ഉയർത്തുന്ന കാര്യം പരിഗണിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിട്ടുണ്ട്. ബിഹാറിൽ എൻഡിഎയിലെ പ്രധാനകക്ഷിയായ ജെഡിയുവും അഗ്നിപഥ് വ്യവസ്ഥകൾ പുനഃപരിശോധിക്കുന്ന കാര്യം ആവശ്യപ്പെടിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
ഓരോ വർഷവും 50,000 ഉദ്യോഗാർത്ഥികളെ നാലുവർഷത്തെ കരാർ വ്യവസ്ഥയിൽ സൈന്യത്തിലേയ്ക്ക് റിക്രൂട്ട് ചെയ്യുന്ന പദ്ധതിയാണ് അഗ്നിപഥ്. പതിനേഴര വയസുമുതൽ 21 വയസുവരെ പ്രായമുള്ള ചെറുപ്പക്കാരെയാണ് റിക്രൂട്ട് ചെയ്യുക. എന്നാൽ ഇത് സൈന്യത്തിലെ സ്ഥിരനിയമനങ്ങളും പെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങളും അട്ടിമറിക്കാനുള്ള പദ്ധതിയാണെന്നാരോപിച്ചാണ് രാജ്യമൊട്ടാകെ പ്രതിഷേധങ്ങൾ ആരംഭിച്ചത്.
രാജസ്ഥാനിലും ഹരിയാണയിലും മധ്യപ്രദേശിലും പ്രക്ഷോഭം ശക്തമാകുന്നുണ്ട്. യുവാക്കൾ തീവണ്ടികൾ കത്തിക്കുകയും റെയിൽവേ സ്റ്റേഷനുകൾ ആക്രമിക്കുകയും റോഡുകൾ ഉപരോധിക്കുകയും ചെയ്തു. പലയിടങ്ങളിലും ബിജെപി ഓഫീസുകൾ അടിച്ചുതകർക്കുകയും കത്തിക്കുകയും ചെയ്തു. ബിജെപി നേതാക്കളെ വഴിയിൽ തടയുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട്.
ഈ സാഹചര്യത്തിലാണ് അഗ്നിപഥിൻ്റെ പ്രായപരിധി ഉയർത്തിയത്. എന്നാൽ ഈ വർഷം നടക്കുന്ന റിക്രൂട്മെൻ്റിൽ മാത്രമേ ഈ ഇളവുണ്ടാകുകയുള്ളൂ.
Content Highlights: Agnipath scheme: Govt raises upper age to 23 for this year