പത്താം ക്ലാസ് പാസായവര്‍ക്ക് പ്ലസ് ടു; പ്ലസ് ടുക്കാര്‍ക്ക് ഡിപ്ലോമ: റിക്രൂട്ട് ചെയ്യപ്പെടുന്ന അഗ്നിവീറുകൾക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പുനല്‍കുമെന്ന് കേന്ദ്രം
ഹ്രസ്വകാല സൈനിക നിയമനപദ്ധതിയായ അഗ്നിപഥിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ ശക്തമാകുമ്പോൾ പദ്ധതിയിൽ കൂടുതൽ വാഗ്ദാനങ്ങൾ നൽകുകയാണ് കേന്ദ്രം. റിക്രൂട്ട് ചെയ്യപ്പെടുന്നവര്‍ക്ക് മികച്ച വിദ്യാഭ്യാസവും മെച്ചപ്പെട്ട ആനുകൂല്യങ്ങളും ഉറപ്പാക്കുമെന്ന് സൈനിക കാര്യ വകുപ്പ് അഡീഷണല്‍ സെക്രട്ടറി ലെഫ്റ്റനന്റ് ജനറല്‍ അനില്‍ പുരി പറഞ്ഞു.
പത്താം ക്ലാസ് പാസായവര്‍ക്ക് പന്ത്രണ്ടാം ക്ലാസ് സര്‍ട്ടിഫിക്കറ്റ് നല്‍കും. പ്ലസ് ടു പാസായവര്‍ക്ക് ഡിപ്ലോമ സർട്ടിഫിക്കറ്റ് ലഭിക്കും. ഓരോ വിദ്യാര്‍ത്ഥിക്കും ഫിസിക്കല്‍ എഡ്യൂക്കേഷന്‍, സപ്ലൈ ചെയിന്‍ മാനേജ്മെന്റ് എന്നിവ പ്രധാന വിഷയമായി ഉണ്ടാകും. പ്രത്യേക വാഹനങ്ങളും ആയുധങ്ങളും എങ്ങനെ കൈകാര്യം ചെയ്യണമെന്ന് വിശദമായി പഠിപ്പിക്കുമെന്നും അനില്‍ പുരി അറിയിച്ചു. അഗ്നിവീര്‍ ആദ്യ ബാച്ചിന് നിശ്ചിത ഉയര്‍ന്ന പ്രായപരിധിക്കപ്പുറം 5 വര്‍ഷത്തേക്ക് പ്രായപരിധിയില്‍ ഇളവ് ലഭിക്കുമെന്നും പ്രഖ്യാപനമുണ്ട്.
നിലവിലുള്ള പതിനാറ് പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങളിലും കോസ്റ്റ് ഗാര്‍ഡിലും പ്രതിരോധ സിവിലിയന്‍ പോസ്റ്റുകളിലും അഗ്നിവീറുകൾക്ക് 10 ശതമാനം സംവരണം പ്രഖ്യാപിച്ചിട്ടുണ്ട്. വിമുക്തഭടന്മാര്ക്കുള്ള നിലവിലെ സംവരണത്തിന് പുറമേയാണിത്.
പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ 2023 പകുതിയോടെ സേനയുടെ ഭാഗമാകുമെന്ന് കരസേന മേധാവി മനോജ് പാണ്ഡെ ഇന്നലെ വ്യക്തമാക്കിയിരുന്നു. വ്യോമസേന വെള്ളിയാഴ്ചയും നാവികസേന ശനിയാഴ്ചയും കരട് വിജ്ഞാപനം പുറത്തിറക്കും.