എയര്‍ഇന്ത്യ എക്സ്പ്രസ് ജീവനക്കാര്‍ക്ക് അന്ത്യശാസനം; കേന്ദ്രം ഇടപെടുന്നു
വിമാനസർവീസുകള്‍ പ്രതിസന്ധിയിലാക്കുന്ന തരത്തില്‍ പ്രതിഷേധിച്ച കാബിൻ ജീവനക്കാർക്കെതിരെ അന്ത്യശാസനവുമായി എയർഇന്ത്യ എക്സ്പ്രസ്.
വ്യാഴാഴ്ച വൈകീട്ടോടെ ജോലിയില്‍ പ്രവേശിക്കണമെന്ന് ജീവനക്കാരോട് കമ്ബനി അധികൃതർ ആവശ്യപ്പെട്ടു. നേരത്തെ, പ്രതിഷേധവുമായി ബന്ധപ്പെട്ട 30 കാബിൻ ക്രൂ അംഗങ്ങളെ എയർഇന്ത്യ എക്സ്പ്രസ് പിരിച്ചുവിട്ടിരുന്നു. പിന്നാലെയാണ് അന്ത്യശാസനം.
പ്രതിസന്ധിയില്‍ പരിഹാരം തേടി കേന്ദ്ര സർക്കാരും യോഗം വിളിച്ചിട്ടുണ്ട്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് ഡല്‍ഹിയിലാണ് യോഗം. മാനേജ്മെന്റും പ്രതിഷേധിക്കുന്ന ജീവനക്കാരും യോഗത്തില്‍ പങ്കെടുക്കും. നേരത്തെ, വ്യോമയാന മന്ത്രാലയം എയർഇന്ത്യ എക്സ്പ്രസിന് നോട്ടീസ് അയച്ചിരുന്നു.
അസുഖ അവധിയെടുത്തത് ആസൂത്രിതമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കാബിൻ ക്രൂ അംഗങ്ങളെ കമ്ബനി പിരിച്ചുവിട്ടത്. കൂടുതല്‍ ജീവനക്കാർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍. ജീവനക്കാർ കൂട്ടത്തോടെ അവധിയെടുത്തത് നിയമലംഘനമാണ്. കമ്ബനിക്ക് വലിയ നഷ്ടമുണ്ടായി. അവധിയെടുത്തതിന് കൃത്യമായ കാരണങ്ങള്‍ ബോധിപ്പിച്ചിട്ടില്ല. വിമാന സർവീസികള് മുടങ്ങണമെന്ന ഉദ്ദേശത്തോടെയാണ് അവധിയെടുത്തതെന്നും ജീവനക്കാരെ പിരിച്ചുവിട്ടുകൊണ്ടുള്ള കത്തില്‍ കമ്ബനി വ്യക്തമാക്കി.