അക്ഷയ് കുമാര്‍ ഇനി ഇന്ത്യന്‍ പൗരന്; സന്തോഷം പങ്കുവെച്ച് താരം
തന്റെ കനേഡിയൻ പൗരത്വതിന്റെ പേരില്‍ ഒട്ടേറെ വിമര്‍ശനങ്ങള്‍ ഏല്‍ക്കേണ്ടി വന്നിട്ടുള്ള ആളാണ് നടൻ അക്ഷയ് കുമാര്‍. രാഷ്ട്രീയപരമായ പ്രതികരണങ്ങളില്‍ നടന് മറുപടിയായി എതിരാളികള്‍ ഉപയോഗിക്കുന്ന ആയുധവും അദ്ദേഹത്തിന്റെ കനേഡിയൻ പൗരത്വം തന്നെയാണ്. എന്നാല്‍ ഇന്ന്, സ്വാതന്ത്ര്യ ദിനത്തില്‍ താൻ ഇന്ത്യൻ പൗരത്വം വീണ്ടെടുത്ത വാര്‍ത്ത പുറത്തുവിട്ടിരിക്കുകയാണ് താരം.
മനസും പൗരത്വവും, രണ്ടും ഹിന്ദുസ്ഥാനി എന്ന കുറിപ്പോടെയാണ് താരം ഇന്ത്യൻ പൗരത്വം ലഭിച്ച വിവരം എക്സിലൂടെ പങ്കുവെച്ചിരിക്കുന്നത്. പൗരത്വ സര്‍ട്ടിഫിക്കറ്റിന്റെ കോപ്പിയും താരം പങ്കുവെച്ചിട്ടുണ്ട്. ഒപ്പം സ്വാതന്ത്ര്യദിന ആശംസകളും താരം ട്വീറ്റിലൂടെ നേര്‍ന്നിട്ടുണ്ട്.
1967ല്‍ പഞ്ചാബിലെ അമൃത്സറിലാണ് രാജീവ് ഹരി ഓം ഭാട്ടിയ എന്ന അക്ഷയ്കുമാര്‍ ജനിച്ചത്. 1991 പുറത്തിറങ്ങിയ സൗഗന്ധ് എന്ന സിനിമയിലൂടെയാണ് താരം ബോളിവുഡില്‍ അരങ്ങേറുന്നത്. തുടര്‍ന്ന് നൂറിലധികം ഇന്ത്യൻ സിനിമകളില്‍ അദ്ദേഹം നായകനടനായി വേഷമിട്ടു. 2009 ല്‍ അദ്ദേഹത്തെ രാജ്യം പദ്മശ്രീ നല്കി ആദരിച്ചു. 2011 ല്‍ തന്റെ 44 ആം വയസിലാണ് അക്ഷയ് കുമാര്‍ കനേഡിയൻ പൗരത്വം സ്വീകരിക്കുന്നത്. കുടുംബത്തിനൊപ്പം കാനഡയില്‍ താമസിച്ചുവരികയായിരുന്ന താരം ആ രാജ്യത്തെ പൗരത്വം സ്വീകരിക്കുകയായിരുന്നു.
2011 ല്‍ കാനഡയില്‍ അധികാരത്തിലെത്തിയ കണ്‍സര്‍വേറ്റീസ് ഗവണ്മെന്റാണ് അക്ഷയ് കുമാറിന് കനേഡിയൻ പൗരത്വം നൽകിയത്. കനേഡിയൻ പൗരത്വം സ്വീകരിച്ചതോടെ സ്വാഭാവികമായും അക്ഷയ് കുമാരിന്റെ ഇന്ത്യൻ പൗരത്വം നഷ്ടമാകുകയായിരുന്നു. എന്നാല്‍ 12 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം വീണ്ടും ഇന്ത്യൻ പൗരനായതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ അക്ഷയ് കുമാര്‍.