ഓള് ഇന്ത്യ ഫുട്ബോള് ഫെഡറേഷന് ഫിഫ വിലക്ക്; അണ്ടര് 17 വനിതാ ലോകകപ്പിന്റെ ആതിഥേയത്വം നഷ്ടമാകും
ഓള് ഇന്ത്യ ഫുട്ബോള് ഫെഡറേഷന് ഫിഫയുടെ വിലക്ക്. ഫെഡറേഷന് ഭരണത്തില് ബാഹ്യ ഇടപെടലുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഇത് ഫിഫ ചട്ടങ്ങളുടെ ലംഘനമാണ്. ഭരണത്തില് ബാഹ്യ ഇടപെടലുണ്ടായെന്നത് ഗുരുതരമായ വീഴ്ചയാണെന്നും സംഘടനയു ദൈനംദിന പ്രവര്ത്തനങ്ങളുടെ പൂര്ണ നിയന്ത്രണം എഐഎഫ്എഫ് വീണ്ടെടുക്കുന്നതുവരെ വിലക്ക് തുടരുമെന്നും ഫിഫ വ്യക്തമാക്കി.
ഇതോടെ അണ്ടര് 17 വനിതാ ലോകകപ്പ് ഫുട്ബോള് മത്സരങ്ങളുടെ ആതിഥേയത്വം ഇന്ത്യക്ക് നഷ്ടമാകും. അണ്ടര് 17 വനിതാ ലോകകപ്പിനുള്ള ഒരുക്കങ്ങള് അവസാനഘട്ടത്തിലെത്തി നില്ക്കെയാണ് വിലക്ക്. ഫെഡറേഷന് ഭരണസമിതിയുടെ കാലാവധി കഴിഞ്ഞിട്ടും തെരഞ്ഞെടുപ്പു നടത്താതെ പ്രഫുല് പട്ടേല് തലപ്പത്ത് തുടരുന്നതും അഡ്മിനിസ്ട്രേറ്റര്മാര് കാര്യങ്ങള് നിയന്ത്രിക്കുന്നതുമാണ് ഫിഫയെ ചൊടിപ്പിച്ചത്.
പ്രഫുല് പട്ടേല് കാലാവധി കഴിഞ്ഞിട്ടും തുടരുന്നതിനെതിരെ കോടതി രംഗത്തെത്തിയിരുന്നു. ഒക്ടോബര് 11 മുതല് 30 വരെയാണ് അണ്ടര് 17 ലോകകപ്പ് നടക്കാനിരിക്കുന്നത്. ആതിഥേയര് എന്ന നിലയില് ടൂര്ണമെന്റില് പങ്കെടുക്കാനുള്ള ഇന്ത്യയുടെ സാധ്യത കൂടിയാണ് ഇതോടെ ഇല്ലാതായത്. 2020-ല് നടക്കേണ്ടിയിരുന്ന ടൂര്ണമെന്റ് കോവിഡ് വ്യാപനത്തെ തുടര്ന്നാണ് മാറ്റിവെച്ചത്.
Content Highlights – All India Football Federation banned by FIFA