മണിപ്പൂർ സംഭവം …പുതിയ അടവിറക്കി അമിത്ഷാ
മണിപ്പൂർ സംഭവത്തിൽ പ്രതിപക്ഷത്തെ പ്രതിക്കൂട്ടിലാക്കുന്ന ആരോപണവുമായാണ് ഇപ്പോൾ അമിത്ഷാ രംഗത്തെത്തിയിരിക്കുന്നത്..
മണിപ്പുരില്‍ സ്ത്രീകളെ നഗ്നരാക്കി നടത്തുകയും ലൈംഗികാതിക്രമത്തിന് വിധേയരാക്കുകയും ചെയ്തതിന്റെ വീഡിയോ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം തുടങ്ങുന്നതിന് തൊട്ടുമുന്‍പ് പുറത്തെത്തിയത് പ്രഥമദൃഷ്ട്യാ നരേന്ദ്ര മോദി സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ഗൂഢാലോചനയാണെന്നാണ് ആഭ്യന്തരമന്ത്രി അമിത് ഷാ ആരോപിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം സി.ബി.ഐയ്ക്ക് കൈമാറിയതിന് പിന്നാലെയാണ് ഷായുടെ ഈ പ്രതികരണവും വന്നത്.. എന്നാൽ മണിപ്പൂരിൽ ഇനിയും പുറത്തുവരാത്ത അക്രമ സംഭവങ്ങളുണ്ടെന്നും അതൊക്കെ എപ്പോൾ പുറത്തു വരണമെന്ന് തീരുമാനിക്കുന്നതടക്കം കേന്ദ്രസർക്കാർ അജണ്ടയാണെന്നും മണിപ്പൂരിലെ ഒരു മാധ്യമ പ്രവർത്തകൻ വെളിപ്പെടുത്തിയിരുന്നു.. എന്നാൽ മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രി മോദി മറുപടി പറയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം പ്രക്ഷോഭം ശക്തമാക്കിയിരുന്നു.. അതിനിടെ, നരേന്ദ്ര മോദിക്കെതിരെ രാഹുല്‍ ഗാന്ധി കഴിഞ്ഞദിവസം ശക്തമായി തിരിച്ചടിച്ചിരുന്നു. തന്റെ പ്രത്യയശാസ്ത്രമാണ് മണിപ്പൂരിലെ കലാപത്തിന് കാരണമെന്ന് മോദിക്ക് അറിയാമെന്നാണ് രാഹുൽ വിമര്‍ശിച്ചത്.. മോദി ആർഎസ്എസിനെ പോലുള്ള ചിലരുടെ മാത്രം പ്രധാനമന്ത്രിയായി നിലകൊളുകയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി. അത് കൊണ്ടാണ് മോദി മണിപ്പൂരില്‍ പോകാത്തതും വിഷയത്തെ കുറിച്ച് പറയാത്തതെന്നും രാഹുല്‍ വിമര്‍ശിച്ചു.
മേയ് നാലാം തീയതിയാണ് മണിപ്പുരില്‍ രണ്ട് കുക്കി യുവതികള്‍ക്കു നേരെ അതിക്രമമുണ്ടായത്. എന്നാല്‍ ഇതിന്റെ വീഡിയോ പുറത്തെത്തിയത് കഴിഞ്ഞയാഴ്ചയാണ്. കേസ് അന്വേഷണം സി.ബി.ഐയ്ക്ക് കൈമാറിയത് കൂടാതെ മണിപ്പുര്‍ സര്‍ക്കാരിന്റെ അഭ്യര്‍ഥന മാനിച്ച് വിചാരണ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റണമെന്ന് കേന്ദ്രം സുപ്രീം കോടതിയോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. പക്ഷപാതിത്വം ഒഴിവാക്കുന്നതിന്റെ ഭാഗമായാണിതെന്ന് അമിത് ഷാ പറയുകയുണ്ടായി..അതോടൊപ്പം തന്നെ യുവതികളെ നഗ്നരാക്കി നടത്തുന്നതിന്റെ വീഡിയോ ചിത്രീകരിച്ച വ്യക്തിയെ അറസ്റ്റ് ചെയ്തതായും മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തതായും അമിത് ഷാ പറഞ്ഞു. മണിപ്പുരില്‍ 1990 മുതല്‍ രൂപംകൊണ്ട കുക്കി-മെയ്ത്തി സംഘര്‍ഷത്തെ കുറിച്ചും സംസ്ഥാനത്തെ ഇന്നത്തെ സാഹചര്യത്തെ കുറിച്ചും മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ആഭ്യന്തരമന്ത്രി. ആറ് കേസുകള്‍ സി.ബി.ഐയ്ക്ക് കൈമാറിക്കഴിഞ്ഞു. ഒരെണ്ണം കൈമാറാനുള്ള നീക്കത്തിലാണ്. മറ്റ് മൂന്നു കേസുകള്‍ എന്‍.ഐ.എയ്ക്കും കൈമാറിയിട്ടുണ്ട്, എന്നും അമിത്ഷാ പറഞ്ഞു. അതോടൊപ്പം തന്നെ മണിപ്പൂരില്‍ സമാധാനം പുനസ്ഥാപിക്കാന്‍ മെയ്ത്തെയ് – കുക്കി വിഭാഗങ്ങളുമായി കേന്ദ്രസർക്കാർ ചർച്ച നടത്തുന്നുണ്ട്. രഹസ്യാന്യേഷണ വിഭാഗം മുൻ അഡീഷണല്‍ ഡയറകറുടെ നേതൃത്വത്തിലാണ് സർക്കാര്‍ ചർച്ച നടത്തുന്നത്. മുന്‍ വിഘടനവാദി കുക്കി സംഘടനകള്‍ ഉള്‍പ്പെടെയുള്ളവരുമായി ചർച്ച നടത്തി മണിപ്പൂരില്‍ സമാധാനം പുനസ്ഥാപിക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്.. രഹസ്യാന്യേഷണ വിഭാഗം മുൻ അഡീഷണല്‍ ഡയറകടർ അക്ഷയ് മിശ്രയാണ് സംഘടനകളുടെ പ്രതിനിധികളുമായി ചർച്ച നടത്തിയത്.
മണിപ്പൂർ കലാപത്തിന്റെ പേരിൽ ബിജെപിയിൽ തന്നെ കൂട്ടരാജിയടക്കം നടക്കുന്നുണ്ട്…പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര സർക്കാരിനെയും വിമർശിച്ച് ബിജെപി നേതാവ് വിനോദ് ശർമ്മ പാർട്ടി അംഗത്വമടക്കം രാജിവച്ചിരുന്നു… കേന്ദ്ര സർക്കാരിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറങ്ങുകയാണെന്നും മണിപ്പൂര്‍ മുഖ്യമന്ത്രിയെ പുറത്താക്കാനുള്ള ധൈര്യം പാർട്ടിക്കില്ലെന്നും കുറ്റപ്പെടുത്തി. ബിജെപിയുടെ സ്ത്രീ ശാക്തീകരണവും ഹിന്ദു ധർമ സംരക്ഷണവും ഇതോണോയെന്നും രാജി നല്‍കിയശേഷം വിനോദ് ശർമ ചോദിച്ചു.കലാപം അവസാനിപ്പിക്കാൻ കാര്യക്ഷമമായ ഇടപെടല്‍ ഉണ്ടായില്ലെന്ന വിർമശനം ശക്തമായി തുടരുന്നതിനിടെയാണ് സമാധാനം പുനഃസ്ഥാപിക്കാന്‍ കേന്ദ്രം വീണ്ടും ശ്രമം നടത്തുന്നത്. ഇടവേളക്ക് ശേഷം വീണ്ടും തുടർച്ചയായ സംഘർഷങ്ങള്‍ ഉണ്ടാകുന്നത് സർക്കാരിന് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്.