തീസ്ത സെതൽവാദിൻ്റെ അറസ്റ്റ് പ്രതികാര നടപടിയെന്ന് ആംനസ്റ്റി ഇൻ്റർനാഷണൽ
സാമൂഹ്യപ്രവർത്തക തീസ്ത സെതൽവാദിൻ്റെ അറസ്റ്റ് ഇന്ത്യൻ അധികാരികളുടെ പ്രതികാര നടപടിയെന്ന് മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇൻ്റർനാഷണൽ. ഇത് പൗരസമൂഹത്തിന് ഭീതിയുടെ സന്ദേശമാണ് നൽകുന്നതെന്നും വിയോജിപ്പിൻ്റെ ഇടങ്ങളെ അത് ചുരുക്കിക്കളയുമെന്നും ആംനസ്റ്റി ഇന്ത്യയുടെ ട്വീറ്റിൽ പറയുന്നു.
“ഇന്ത്യൻ അധികാരികളുടെ മനുഷ്യാവകാശ ലംഘനങ്ങൾ ചോദ്യം ചെയ്യുന്നവർക്ക് നേരേയുള്ള പ്രതികാര നടപടിയാണ് പ്രമുഖ മനുഷ്യാവകാശ പ്രവർത്തകയായ തീസ്ത സെതൽവാദിൻ്റെ അറസ്റ്റ്. ഇത് പൗര സമൂഹത്തിന് ഭീതിയുടെ സന്ദേശമാണ് നൽകുക. കൂടാതെ വിയോജിപ്പിൻ്റെ ഇടങ്ങളെ അത് ചുരുക്കുകയും ചെയ്യും.” ആംനസ്റ്റി ഇന്ത്യ ട്വിറ്ററിൽ കുറിച്ചു.
സാക്കിയ ജെഫ്രിയുടെ ഹർജി തള്ളിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം 64 പേർക്ക് അന്വേഷണ ഏജൻസി നൽകിയ ക്ലീൻ ചിറ്റ് ശരിവെച്ച സുപ്രീംകോടതി വിധി വന്നതിൻ്റെ അടുത്ത ദിവസമാണ് തീസ്ത സെതൽവാദ് അറസ്റ്റിലായത്. തെളിവുകൾ കൃത്രിമമായി നിർമിക്കുക, കൃത്രിമരേഖകൾ ചമയ്ക്കുക തുടങ്ങിയ കുറ്റങ്ങളാണ് തീസ്തയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്.
മനുഷ്യാവകാശം സംരക്ഷിക്കുന്നതിനായി പ്രവർത്തിച്ചതിൻ്റെ പേരിൽ മനുഷ്യാവകാശ പ്രവർത്തകരെ ഉന്നം വെയ്ക്കുന്നത് സ്വീകാര്യമായ നടപടിയല്ലെന്ന് ആംനസ്റ്റി ട്വിറ്ററിൽ കുറിച്ചു. ഇന്ത്യൻ അധികാരികൾ തീസ്തയെ ഉടൻ മോചിപ്പിക്കണമെന്നും പൗരസമൂഹത്തെയും മനുഷ്യാവകാശ പ്രവർത്തകരെയും വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്നും ആംനസ്റ്റി ഇൻ്റർനാഷണൽ ആവശ്യപ്പെടുന്നു.