അനിവാര്യമായ നടപടി; ചൈനയുമായുള്ള ചര്‍ച്ചകളെ സ്വാഗതം ചെയ്ത് ശശി തരൂര്‍

ഇന്ത്യയും ചൈനയും തമ്മിലുള്ള നയതന്ത്ര ചര്‍ച്ചകളെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ രംഗത്ത്. കേന്ദ്ര സര്‍ക്കാരിന്റെ സമയോചിതവും അനിവാര്യവുമായ നടപടിയാണിതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അമേരിക്ക അടക്കമുള്ള ശക്തികളില്‍ നിന്നും നേരിടുന്ന വിവിധ തലത്തിലുള്ള സമ്മര്‍ദ്ദങ്ങളെ മറികടക്കാന്‍ ഈ നീക്കം സഹായിക്കുമെന്നും തരൂര്‍ പറഞ്ഞു.
നിലവിലെ സാഹചര്യത്തില്‍, ചൈനയുമായി നയതന്ത്രപരമായി ഇടപഴകാനുള്ള സര്‍ക്കാരിന്റെ തീരുമാനം വളരെ പ്രധാനമാണ്. ബെയ്ജിങ്ങുമായുള്ള അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കുന്നത് ഇന്ത്യയുടെ തന്ത്രപരമായ സ്ഥാനം ശക്തിപ്പെടുത്തും. യുഎസിനെയും ചൈനയെയും ഒരേ സമയം അകറ്റി നിര്‍ത്തുന്നത് ഇന്ത്യയുടെ താല്‍പ്പര്യങ്ങള്‍ക്ക് ഗുണകരമാകില്ലെന്നും ശശി തരൂര്‍ പറഞ്ഞു.
റഷ്യയുമായുള്ള ബന്ധം ഇന്ത്യയുടെ വിദേശനയത്തിലെ ഒരു സുപ്രധാന സ്തംഭമാണെന്നും തരൂര്‍ അഭിപ്രായപ്പെട്ടു. റഷ്യ, ചൈന തുടങ്ങിയ വന്‍ശക്തികളുമായി ഇന്ത്യ ക്രിയാത്മക ബന്ധം നിലനിര്‍ത്തുന്ന ഒരു സന്തുലിത സമീപനം സ്വീകരിക്കുന്നത് നമ്മുടെ ദേശീയ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് അത്യന്താപേക്ഷിതമാണ്. തരൂര്‍ കൂട്ടിച്ചേര്‍ത്തു.