ചുരം കയറാതെ വയനാട്ടിലെത്താം; തുരങ്കപാത നിര്‍മാണത്തിന് തുടക്കമായി
വടക്കന്‍ കേരളത്തിന്റെ യാത്രാദുരിതത്തിന് അറുതിവരുത്തുന്ന ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാതയ്ക്കായുള്ള പാറതുരയ്ക്കല്‍ പ്രവൃത്തിക്കു തുടക്കമായി. ആദ്യ ബ്ലാസ്റ്റിങിന്റെ സ്വിച്ച് ഓണ്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിച്ചു. നിറഞ്ഞ സന്തോഷത്തോടെയും അഭിമാനത്തോടെയും വലിയ പ്രതീക്ഷയോടെയും എല്ലാവരുടെയും അനുമതിയോടെയും സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങില്‍ പൊതുമരാമത്ത്, ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ് അധ്യക്ഷനായി.
നാലുവര്‍ഷംകൊണ്ട് പദ്ധതി പൂര്‍ത്തീകരിക്കാന്‍ സാധിക്കും. കോഴിക്കോട് ജില്ലയിലെ മറിപ്പുഴ ഭാഗത്തുനിന്നാണ് പാറതുരക്കലിന് ആരംഭം കുറിക്കുക. തുടര്‍ന്ന് വൈകാതെത്തന്നെ വയനാട് ജില്ലയിലെ മേപ്പാടി ഭാഗത്തുനിന്ന് പാറതുരക്കല്‍ പ്രവൃത്തികള്‍ ആരംഭിക്കും. ഒരേസമയത്തുതന്നെ ഇരുധ്രുവത്തില്‍നിന്ന് തുരന്നുപോകുന്നതാണ് നിര്‍മാണരീതി. മലബാര്‍ മേഖലയുടെ വിനോദസഞ്ചാര-വാണിജ്യ മേഖലകളില്‍ വന്‍ കുതിച്ചുചാട്ടത്തിന് ഈ പാത വഴിതുറക്കും.








