അനിൽ ആന്റണി… മോദിയുടെ പുതിയ ആയുധമോ
കേരളത്തിലെ സമുന്നതനായ രാഷ്ട്രീയ നേതാവ് , കോണ്‍ഗ്രസിലെ ആദര്‍ശശാലിയായ വ്യക്തിത്വം, മുന്‍ മുഖ്യമന്ത്രി, മുന്‍ കേന്ദ്ര പ്രതിരോധമന്ത്രി എന്നിങ്ങനെ എ.കെ ആന്റണിക്ക് വിശേഷണങ്ങള്‍ ഏറെയാണ്.എന്നാൽ കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് കൂടുമാറ്റം നടത്തിയ അനില്‍ ആന്റണിക്ക് എ.കെ ആന്റണിയുടെ മകന് എന്നതിലപ്പുറം എന്ത് മേല്‍വിലാസമാണുള്ളത് ? സംസ്ഥാന-ദേശീയ രാഷ്ട്രീയത്തില്‍ പയറ്റിത്തെളിഞ്ഞ എ.കെ ആന്റണിയുടെ മകന് അനില്‍ ആന്റണിയാണ് ഇപ്പോൾ ബിജെപി ദേശീയ സെക്രട്ടറിയായി ചുമതലയേൽക്കുന്നത്.
പുതിയ ഉത്തരവാദിത്തത്തിന് പ്രധാനമന്ത്രിയോട് നന്ദി അറിയിക്കുന്നുവെന്നാണ് ബിജെപി ദേശീയ സെക്രട്ടറിയായി നിയമിച്ച അനില്‍ ആന്റണി പ്രതികരിച്ചത്. 2019 ലേക്കാളും വലിയ ഭൂരിപക്ഷത്തിൽ 2024 ൽ പാർട്ടിയെ വിജയിപ്പിക്കാൻ വേണ്ടി പ്രവർത്തിക്കുമെന്നും അനിൽ പറഞ്ഞു.
2019 ജനുവരിയിലാണ് കേരളത്തിലെ കോണ്‍ഗ്രസിന്റെ ഡിജിറ്റല്‍ മീഡിയ കോ–ഓര്‍ഡിനേറ്ററായി അനില്‍ ചുമതലയേൽക്കുന്നത്.. അന്നത്തെ കെപിസിസി പ്രസിഡന്റായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രനാണ് അനിലിനെ സ്ഥാനത്തേക്ക് നിയമിച്ചത്. ശശി തരൂരാണ് അനിലിനെ ഈ പദവിയിലേക്ക് നിര്‍ദേശിക്കുന്നത്. 2017ലെ ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വേണ്ടി അനില്‍ നവമാധ്യമങ്ങളിലൂടെ നടത്തിയ പ്രചരണം ഏറെ പ്രശംസ നേടിയിരുന്നു. ഇതാണ് അനിലിനെ കേരളത്തിലെ കോണ്‍ഗ്രസിന്റെ ഡിജിറ്റല്‍ മീഡിയ കോര്‍ഡിനേറ്റര്‍ സ്ഥാനത്തേക്ക് എത്തിച്ചതും..
സോണിയ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയായിരുന്ന അഹമ്മദ് പട്ടേലിന്റെ മകന് ഫൈസല്‍ പട്ടേലും അന്ന് അനിലിനൊപ്പമുണ്ടായിരുന്നു. പിന്നീട് നടന്ന കര്‍ണാടക, രാജസ്ഥാന് തെരഞ്ഞെടുപ്പുകളുടെ ഡിജിറ്റല്‍ പ്രചാരണ ചുമതലകള്‍ കോണ്‍ഗ്രസ് ഇവരെ ഏല്‍പ്പിച്ചിരുന്നു.
രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയ്ക്ക് സമൂഹമാധ്യമങ്ങള്‍ വഴി യാതൊരു പ്രചാരണവും കൊടുക്കാതിരുന്നതില്‍ അനിലിനെതിരെ വിമര്‍ശനം ഉയര്‍ന്നു. അതേ തുടർന്നാണ് ഡജിറ്റല്‍ മീഡിയ കോ–ഓര്‍ഡിനേറ്റര്‍ ആയ അനില്‍ പാര്‍ട്ടിക്ക് വേണ്ടി എന്ത് പ്രചാരണമാണ് നടത്തുന്നതെന്ന ചോദ്യങ്ങളും ഉയര്‍ന്നത്.മാത്രമല്ല ഗുജറാത്ത് കലാപം സംബന്ധിച്ച് ബിബിസിയുടെ ഡോക്യുമെന്ററി പുറത്തിറങ്ങിയതോടെ കോണ്‍ഗ്രസും അനില്‍ ആന്റണിയും തമ്മിലുള്ള അഭിപ്രായ ഭിന്നതയും രൂക്ഷമാവുകയായിരുന്നു..
പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററിയെ രാജ്യത്ത് വിലക്കിയപ്പോള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നടങ്കം അതിനെ എതിര്‍ത്ത് രംഗത്തെത്തി. എന്നാല്‍ അനില്‍ ബിബിസിയെ വിമര്‍ശിച്ചാണ് രംഗത്തെത്തിയത്. ബിജെപിയോടുള്ള വിയോജിപ്പുകള്‍ നിലനിർത്തിക്കൊണ്ടുതന്നെ ഡോക്യുമെന്ററിയോടുള്ള എതിര്‍പ്പ് വ്യക്തമാക്കുന്നു എന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.പിന്നിട് പലപ്പോഴായി കോണ്‍ഗ്രസ് നിലപാടുകളെ പരസ്യമായി വിമര്‍ശിച്ച അനില്‍ ആന്റണി കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ചുമതലകളില്‍ നിന്ന് ഒഴിഞ്ഞു. അങ്ങനെ പലരും പ്രവചിച്ചിരുന്നത് പോലെ പിന്നീട് ബിജെപിയിലേക്കുള്ള കൂടുമാറ്റം. ഇപ്പോൾ ബിജെപി ദേശീയ സെക്രട്ടറിയായി ചുമതലയേൽക്കുന്ന അനിൽ
ഈ വര്‍ഷം ഏപ്രിലിലാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. 13 ദേശീയ സെക്രട്ടറിമാരില്‍ ഒരാളായിട്ടാണ് അദ്ദേഹത്തെ നിയമിച്ചിരിക്കുന്നത്.
എ.പി.അബ്ദുള്ള കുട്ടിയെ ദേശീയ ഉപാധ്യക്ഷനായി നിലനിര്‍ത്തിയിട്ടുണ്ട്. അലിഗഢ് മുസ്ലിം സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ താരിഖ് മന്‍സൂറും പുതിയ ഉപാധ്യക്ഷന്മാരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. നിലവില്‍ അദ്ദേഹം ഉത്തര്‍പ്രദേശ് ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗമാണ്.13 വൈസ് പ്രസിഡന്റുമാരും ഒമ്പത് ജനറല്‍ സെക്രട്ടറിമാരും അടങ്ങുന്നതാണ് പാര്‍ട്ടി അധ്യക്ഷന്‍ ജെപി നഡ്ഡ പ്രഖ്യാപിച്ച ബിജെപിയുടെ പുതിയ ഭാരവാഹി പട്ടിക.ബി.എല്‍.സന്തോഷ് സംഘടനാ ജനറല്‍ സെക്രട്ടറിയായി തുടരും. തെലങ്കാന ബിജെപി മുന്‍ അധ്യക്ഷന്‍ ബന്ദി സഞ്ജയ് കുമാറിനെ പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറിയായി നിയമിച്ചു. കേരളത്തില്‍ നിന്ന് അനില്‍ ആന്റണിയും അബ്ദുള്ളക്കുട്ടിയും മാത്രമാണ് പുതിയ ഭാരവാഹി പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ളത്. ലോക്സഭാ തിരഞ്ഞെടുപ്പും ഈ വര്‍ഷം അവസാനത്തോടെ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളും ലക്ഷ്യമിട്ടാണ് ബിജെപിയുടെ സംഘടനാ തലത്തിലെ അഴിച്ചുപണി.