ഷെയ്ഖ് ഹസീനയുടെ വധശിക്ഷ നടപ്പാക്കാൻ തിടുക്കം കൂട്ടി ബംഗ്ലാദേശ്; തൽക്കാലം ഹസീനയെ വിട്ടുകൊടുക്കില്ലെന്ന നിലപാടിൽ ഇന്ത്യ
2013ലെ ഇന്ത്യ-ബംഗ്ലാദേശ് കുറ്റവാളി കൈമാറ്റ കരാര്‍ പ്രകാരം, അവരുടെ മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ തിരിച്ചയക്കണമെന്ന് ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാര്‍ ഇന്ത്യയോട് ആവശ്യപ്പെട്ടു.
‘മനുഷ്യവംശത്തിനെതിരായ കുറ്റകൃത്യങ്ങള്‍’ ആരോപിച്ച് ധാക്കയിലെ ഇന്റര്‍നാഷണല്‍ ക്രൈംസ് ട്രിബ്യൂണല്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് ഇടക്കാല സര്‍ക്കാരിന്റെ ആവശ്യം. എന്നാല്‍ ഇന്ത്യയില്‍ അഭയാര്‍ഥിയായി കഴിയുന്ന ഷെയ്ഖ് ഹസീനിയെ നിയമപരമായി ബംഗ്ലാദേശിന് കൈമാറേണ്ട കാര്യമുണ്ടോ ?എ അല്ലെങ്കിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള കരാറില്‍ എന്താണ് പറയുന്നത്??
ഒരാള്‍ക്കെതിരെ കുറ്റം ചുമത്തുകയോ, ശിക്ഷിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ മാത്രമേ അത്തരമൊരു ആൾക്ക് വേണ്ടി കൈമാറ്റ അപേക്ഷ നല്കാന് കഴിയൂകയുള്ളു എന്നാണ് കരാര്‍ പറയുന്നത്. ഹസീനയുടെ കാര്യത്തില്‍, ‘മനുഷ്യവംശത്തിനെതിരായ കുറ്റകൃത്യങ്ങള്‍’ ആരോപിച്ച് ഇന്റര്‍നാഷണല്‍ ക്രൈംസ് ട്രിബ്യൂണല്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഇതുപ്രകാരമാണ് ഹസീനയെ കൈമാറണമെന്നാവശ്യപ്പെട്ട് ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാര്‍, ഇന്ത്യക്ക് അപേക്ഷ നല്‍കിയത്.
എന്നാല്‍ ഇരുരാജ്യങ്ങളിലെയും ആഭ്യന്തരനിയമപ്രകാരം കൈമാറേണ്ട ആളുകൾ ശിക്ഷാര്‍ഹരാണെങ്കില്‍ മാത്രമേ കൈമാറേണ്ടതുള്ളു എന്നാണ് വ്യവസ്ഥ. ‘മനുഷ്യവംശത്തിനെതിരായ കുറ്റകൃത്യങ്ങള്‍’ ബംഗ്ലാദേശ് നിയമപ്രകാരം കുറ്റവാളിയെന്ന് കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇന്ത്യ ഇതിനെ വ്യത്യസ്തമായാണ് വ്യാഖ്യാനിക്കുന്നത്. സദുദ്ദേശ്യത്തോടെയല്ലാത്ത കൈമാറ്റ അപേക്ഷ നിരസിക്കാമെന്നും കരാറിൽ പറയുന്നുണ്ട് .
പ്രശ്ന പരിഹാരത്തിന് എല്ലാ കക്ഷികളെയും ഉള്‍പ്പെടുത്തി ബംഗ്ലാദേശിൽ തെരഞ്ഞെടുപ്പ് നടക്കുകയാണ് വേണ്ടതെന്നാണ് ഇന്ത്യയുടെ നിലപാട്. ബംഗ്ലാദേശിലെ സ്ഥിതിഗതികള്‍ മെച്ചപ്പെട്ടാൽ തിരികെ പോകണമെന്നാണ് ഷെയ്ഖ് ഹസീന ഇന്ത്യയെ അറിയിച്ചിട്ടുള്ളത്. അതേസമയം, ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയേയും മുൻ ആഭ്യന്തര മന്ത്രി അസദു സ്സമാൻ ഖാൻ കമാലിനെയും ഉടൻ കൈമാറണമെന്നാണ് ബംഗ്ലാദേശ് വിദേശകാര്യ വക്താവ് വ്യക്തമാക്കിയത്.
മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾക്ക് ശിക്ഷിക്കപ്പെട്ട വ്യക്തികൾക്ക് അഭയം നൽകുന്നത് സൗഹൃദപരമല്ലാത്ത പ്രവൃത്തിയും നീതിയോടുള്ള അവഗണനയുമായി കണക്കാക്കുമെന്നും രേഖാമൂലം ഇന്ത്യയോട് ആവശ്യം ഉന്നയിക്കുമെന്നും ബംഗ്ലദേശ് വിദേശകാര്യ വക്താവ് പറയുന്നു.
ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ നൽകിയ നടപടി ശ്രദ്ധയിൽപ്പെട്ടുവെന്ന് ഇന്ത്യ നേരത്തെ തന്നെ പ്രതികരിച്ചിരുന്നു. ബംഗ്ലാദേശിലെ ജനങ്ങളുടെ താല്പര്യം സംരക്ഷിക്കുന്നതിന് ഇന്ത്യ പ്രതിബദ്ധമാണെന്നും കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.
ബംഗ്ലാദേശിന്റെ സ്ഥിരത, സമാധാനം, ജനാധിപത്യം എന്നിവയ്ക്ക് എല്ലാ കക്ഷികളുമായും ആശയവിനിമയം തുടരുമെന്നും ഇന്ത്യ വ്യക്തമാക്കി. രാഷ്ട്രീയ കാരണങ്ങളാലുള്ള കേസിന് കുറ്റവാളികളെ കൈമാറാനുള്ള ഉടമ്പടി ബാധകമല്ല എന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന.
ഷെയ്ഖ് ഹസീനയുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇരു രാജ്യങ്ങൾക്കും ഇടയിലെ ബന്ധം കൂടുതൽ വഷളാകാതിരിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. അതേ സമയം, ഷെയ്ഖ് ഹസീനയെ വധശിക്ഷക്ക് വിധിച്ചുള്ള കോടതി ഉത്തരവിന് പിന്നാലെ ബംഗ്ളദേശിൽ ആക്രമണം വ്യാപകമാണ്.
ഇതൊരു ഉഭയകക്ഷി കരാറാറായതുകൊണ്ടുതന്നെ ഇതിലെ തര്‍ക്കങ്ങള്‍ തീര്‍പ്പാക്കാന്‍ വേണ്ടി ഒരു സംവിധാനവും നിലവില്‍ ഇല്ല. ഇതില്‍ ഐക്യരാഷ്ട്രസഭയ്ക്കും ഇടപെടാന്‍ കഴിയില്ല. അന്താരാഷ്ട്ര നീതിന്യായ കോടതിക്ക് ഇടപെടണമെങ്കില്‍ ഇരുസര്‍ക്കാരുകളുടെയും സമ്മതത്തോടെ മാത്രമേ കേസുകള്‍ പരിഗണിക്കാന്‍ കഴിയുകയുള്ളു. അത്തരമൊരു സാഹചര്യം തീര്‍ത്തും വിദൂരമാണ്
ഇന്ത്യന്‍ കൈമാറ്റ നിയമമായ എക്സ്ട്രാഡിഷന്‍ ആക്റ്റ് പ്രകാരം ഹസീനയെ കൈമാറുന്നതിന് നിരവധി തടസ്സങ്ങളുണ്ട്. ആരോപിക്കപ്പെടുന്ന കുറ്റം രാഷ്ട്രീയ സ്വഭാവമുള്ളതാണെങ്കില്‍ കൈമാറാന്‍ പാടില്ലെന്ന് വ്യവസ്ഥയുള്ളതിനാല്‍ തന്നെ അപേക്ഷ നിരസിക്കാന്‍ ഇന്ത്യക്ക് കഴിയും. ഉടമ്പടി പ്രകാരം ഹസീനയെ കൈമാറണമെന്ന് ബംഗ്ലാദേശ് നിര്‍ബന്ധം പിടിച്ചാലും ഇന്ത്യക്ക് ഇത് നിരസിക്കുന്നതിന് നിയപരമായി തടസ്സങ്ങളില്ല.
453 പേജുള്ള വിധിന്യായം ഇന്നലെ നവംബർ 17-ന് വായിച്ച് പൂർത്തിയാക്കിയ ട്രൈബ്യൂണൽ, 78 വയസ്സുള്ള ഹസീനയ്ക്കൊപ്പം സഹപ്രതിയായ മുൻ ആഭ്യന്തരമന്ത്രി ആസദു സ്സമാൻ ഖാൻ കമലിനെയും ശിക്ഷിച്ചിട്ടുണ്ട്. മറ്റൊരു സഹപ്രതി, മുൻ പൊലീസ് മേധാവി ചൗധുറി അബ്ദുല്ല അൽ-മമൂനിന് 5 വർഷം തടവ് ശിക്ഷയും ലഭിച്ചു. അദ്ദേഹം പ്രോസിക്യൂഷനുമായി സഹകരിച്ചതിനാലാണ് ശിക്ഷയില്‍ ഇളവ് നല്‍കിയിരിക്കുന്നത്.
2024 ജൂലൈ-ആഗസ്റ്റ് മാസങ്ങളില്‍ വിദ്യാർത്ഥികള്‍ ആരംഭിച്ച പ്രതിഷേധമായിരുന്നു ഷെയ്ഖ് ഹസീനയുടെ രാജ്യം വിട്ടുള്ള ഒളിച്ചോട്ടത്തിലേക്ക് വഴി തെളിച്ചത്. സർക്കാർ ജോലികൾക്കുള്ള ക്വോട്ട സംവിധാനത്തിനെതിരെയും അഴിമതി ആരോപണങ്ങളും ഉയർത്തിയുള്ള ഈ പ്രക്ഷോഭം 46 ദിവസം നീണ്ടുനിന്നു. ഫെബ്രുവരിയിലെ റിപ്പോർട്ട് പ്രകാരം പ്രതിഷേധങ്ങളില്‍ 1,400-ത്തിലധികം പേർ മരിച്ചു, ആയിരക്കണക്കിന് പേർക്ക് പരിക്കേറ്റു.
പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തൽ, പ്രതിഷേധക്കാരെ അടിച്ചമർത്താൻ ആയുധങ്ങള്‍ ഉപയോഗിക്കാൻ ഉത്തരവിടൽ, റംഗ്പൂരിലെ ബെഗം റോക്കിയാ സർവകലാശാല വിദ്യാർത്ഥി അബു സയ്ദിനെ വെടിവച്ചു കൊല്ലൽ, 6 പ്രതിഷേധക്കാരെ വെടിവച്ചു കൊല്ലൽ, ആഷുലിയയിൽ 6 പേരെ കത്തിച്ചു കൊല്ലൽ എന്നിവയാണ് ഹസീനയ്ക്കും കൂട്ടുപ്രതികള്‍ക്കും എതിരായി തെളിയിക്കപ്പെട്ട കുറ്റകൃത്യങ്ങള്‍ എന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്.











