ഇന്ത്യയിലെ കോടീശ്വരൻമാർ ഈ വർഷം ദാനം ചെയ്തത് 10830 കോടി രൂപ: എന്നാൽ അംബാനിയോ അദാനിയോ അല്ല കൂടുതൽ പണം നൽകിയത്!!
ഇന്നലെയാണ് ഇന്ത്യയിലെ ശതകോടീശ്വരൻ മുകേഷ് അംബാനി ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തിയത്. രാവിലെ ഏഴരയോടെ ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് മൈതാനത്ത് അദ്ദേഹം ഹെലിക്കോപ്റ്ററിൽ വന്നിറങ്ങി. ഏതാണ്ട് അരമണിക്കൂറോളം അദ്ദേഹം ക്ഷേത്രത്തിൽ ചെലവഴിച്ചു.
ഗുജറാത്തിൽ റിലയൻസ് ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന “വൻതാര” വന്യ ജീവി പരിപാലന കേന്ദ്രത്തിന്റെ, അതെ മോഡലിൽ, ഗുരുവായൂരിലെ ആനകൾക്ക് മികച്ച പരിപാലനം നൽകാൻ അവസരം ഒരുക്കാമെന്ന് അദ്ദേഹം ഉറപ്പ് നൽകുകയും ചെയ്തു.
കൂടാതെ ഗുരുവായൂരിൽ ദേവസ്വം ബോർഡ് ആരംഭിക്കുന്ന മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിക്ക് ആദ്യഘട്ട സംഭാവനയായി 15 കോടി രൂപയും നൽകി. ക്ഷേത്രദർശനത്തിന് ശേഷമാണ് മുകേഷ് അംബാനി ചെക്ക് ദേവസ്വം അധികൃതർക്ക് കൈമാറിയത്. ദേവസ്വം നിർമിക്കുന്ന ഈ ആശുപത്രിക്കായി 50 കോടി നൽകാമെന്ന് അദ്ദേഹം സമ്മതിച്ചിരുന്നു. ഇതിന്റെ ആദ്യഘട്ടമായാണ് 15 കോടിരൂപയുടെ ചെക്ക് കൈമാറിയത്.
അമ്പത് കോടി മുകേഷ് അംബാനിക്ക് വലിയ തുകയൊന്നും ആയിരിക്കില്ല. അദ്ദേഹം ഇതേപോലെ ഒരു പാട് കോടികൾ ചാരിറ്റിക്കായി കൊടുക്കുന്ന വ്യക്തിയുമാണ്.
അംബാനി മാത്രമല്ല ഇന്ത്യയിൽ കോടീശ്വരൻമാർ ഒരുപാട് പേരുണ്ട്. ദിവസവും കോടികൾ സമ്പാദിക്കുന്ന ഒട്ടനവധി പേരുണ്ട്. എന്നാൽ സമ്പാദിക്കുന്നതിൻ്റെ ഒരു പങ്ക് സാമൂഹിക സേവനങ്ങൾക്ക് നൽകുന്നവരുടെ എണ്ണം താരതമ്യേന കുറവാണ്.എന്നാൽ പല പ്രമുഖ ബിസിനസുകാരും വലിയ തുകകൾ ഇതിനായി നീക്കി വെക്കുന്നുമുണ്ട്.
ഇത്തരത്തിൽ ഇന്ത്യയിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി കോടികൾ മുടക്കുന്നവരുടെ 2025 ലെ കണക്കുകൾ മാത്രം പരിശോധിച്ചാൽ 10,830 കോടി രൂപയാണ് ഇത്തരം സാമൂഹിക പ്രവർത്തനങ്ങൾക്കായി സംഭാവന നൽകിയത്. ഇത് കഴിഞ്ഞ മൂന്ന് വർഷങ്ങളെ അപേക്ഷിച്ച് 85% വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
എന്നാൽ ഇന്ത്യയിലെ സമ്പന്ന കുടുംബങ്ങളിൽ ഏറ്റവും കൂടുതൽ തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി മാറ്റി വെക്കുന്നത് അംബാനി കുടുംബമല്ല. അത് എച്ച്സിഎൽ ടെക്നോളജീസിന്റെ സ്ഥാപകനായ ശിവ് നാടാറും കുടുംബവുമാണ്. അത് ഈ വര്ഷം മാത്രം അല്ല, കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ നാല് തവണയും ഇദ്ദേഹം തന്നെയാണ് ഈ ലിസ്റ്റിൽ ഒന്നാമനായി വന്നത്. 2025ൽ മാത്രം അദ്ദേഹം സംഭാവനയായി നൽകിയത് 2,708 കോടി രൂപയാണ്.
അതായത് ഒരു ദിവസം 7.4 കോടി രൂപയാണ് അദ്ദേഹം ജീവ കാരുണ്യ പ്രവർത്തനങ്ങൾക്കായി ചെലവാക്കുന്നത്. ഈ തുകയുടെ ഭൂരിഭാഗവും വരുന്നത് വിദ്യാഭ്യാസം, കല തുടങ്ങിയ മേഖലകളുടെ പ്രോത്സാഹനത്തിനായി പ്രവർത്തിക്കുന്ന ശിവ് നാടാർ ഫൗണ്ടേഷനിൽ നിന്നാണ്.
നാടാർക്ക് താഴെ രണ്ടാം സ്ഥാനത്തുള്ളത് മുകേഷ് അംബാനി തന്നെയാണ്. അദ്ദേഹം 2025ൽ ജീവ കാരുണ്യ പ്രവർത്തനങ്ങൾക്കായി നൽകിയത് 626 കോടി രൂപയാണ്. ഇത് കഴിഞ്ഞ വർഷത്തെ സംഭാവനയേക്കാൾ 54% വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ സംഭാവനയുടെ ഭൂരിഭാഗവും റിലയൻസ് ഫൗണ്ടേഷൻ വഴിയാണ് എത്തുന്നത്.
മൂന്നാം സ്ഥാനത്തുള്ളത് ബജാജ് ഫാമിലിയാണ്. ഈ വർഷത്തെ കണക്ക് പ്രകാരം ഇവർ 446 കോടി രൂപ സാമൂഹിക സേവനങ്ങൾക്കായി വിനിയോഗിച്ചു.
പിന്നീട് വരുന്നത് കുമാർ മംഗളം ബിർള & ഫാമിലിയാണ്. 440 കോടിയാണ് അവർ സംഭാവന നൽകിയത്. അതിനു ശേഷം അഞ്ചാം സ്ഥാനത്ത് ഗൗതം അദാനി ആൻഡ് ഫാമിലിയാണ്. അദാനി കുടുംബം 386 കോടി രൂപ സാമൂഹിക സേവനങ്ങൾക്കായി നൽകിയിട്ടുണ്ട്.
എഡെൽഗിവ് ഹൂറൂൺ ഇന്ത്യയുടെ ഈ ലിസ്റ്റിൽ ആകെ 191 വ്യക്തികൾ ഉൾപ്പെട്ടിട്ടുണ്ട്. ഇതിൽ 12 പേർ പുതിയതായി പട്ടികയിൽ ഇടം നേടിയവരാണ്.
ആദ്യത്തെ 10 സ്ഥാനങ്ങളിലുള്ളവർ ചേർന്ന് ആകെ 5,834 കോടി രൂപയാണ് ഈ വർഷം സംഭാവനയായി നൽകിയത്. ഇതിൽ ഏറ്റവും കൂടുതൽ തുക നൽകിയ വനിതകളുടെ ലിസ്റ്റ് നോക്കിയാൽ ഒന്നാമത് ഉള്ളത് 204 കോടി രൂപ സംഭാവന നൽകിയ രോഹിണി നിലേകനിയാണ്.
ഇങ്ങനെ പണം കൊടുക്കുമ്പോൾ, അതെ സമയം തന്നെ അവർക്ക് കോടികൾ വന്നു ചേരുന്നുമുണ്ട്. 2025 സാമ്പത്തിക വർഷത്തിൽ രാജ്യത്തെ ഏറ്റവും ശക്തമായ പത്ത് പ്രൊമോട്ടർ ഗ്രൂപ്പുകൾ മൊത്തത്തിൽ 40,000 കോടിയിലധികം രൂപയുടെ ലാഭവിഹിതമാണ് സ്വന്തമാക്കിയത്. അതിലും ഒന്നാമൻ ശിവ നാടാർ ആയിരുന്നു എച്ച്സിഎൽ ടെക്നോളജീസിന്റെ സ്ഥാപകനായ ശിവ് നാടാർ 2025 സാമ്പത്തിക വർഷത്തിൽ 9,902 കോടി രൂപയുടെ ലാഭവിഹിതമാണ് നേടിയത്.
3,730 കോടി ഡോളർ ആസ്തിയുള്ള 80 വയസ്സുള്ള ഇന്ത്യയിലെ മൂന്നാമത്തെ വലിയ ധനികനാണ് ശിവ നാടാർ. അന്താരാഷ്ട്ര ബ്ലൂംബെർഗ് ബില്യണയേഴ്സ് പട്ടികയിൽ 50-ാം സ്ഥാനത്താണ് ശിവ് നാടാറുളളത്.













