മോദി പിന്നിൽ നിന്ന് നയിക്കുന്നു…കരുക്കൾ നീക്കാൻ ബ്രിജ് ഭൂഷണും
കേസുകള്‍ പുത്തരിയല്ല പഴയ ഗുസ്തി താരവും ബി.ജെ.പി. എം.പിയുമായ ബ്രിജ് ഭൂഷണ് ശരണ്‍ സിങിന്. എവിടെ നിന്നാലും ഏത് പാര്ട്ടിക്കൊപ്പമായാലും തന്നെ ജയിപ്പിക്കാന്‍ താന്‍ തന്നെ ധാരാളമെന്ന ആത്മവിശ്വാസമാണ് അയാളുടെ ശക്തി. അത് പലപ്പോഴും ബ്രിജ് ഭൂഷണ് തനിക്കെതിരേ മത്സരിച്ച പാര്‍ട്ടിക്കാര്‍ക്ക് കാണിച്ചുകൊടുത്തിട്ടുമുണ്ട്. ഒപ്പം ഗുസ്തി ഗോദവിട്ടൊരു കളിയുമില്ലതാനും. വെറും ലോക്സഭാ എം.പി സ്ഥാനം എന്നതിനപ്പുറം ബ്രിജ് ഭൂഷന്റെ വീക്ക്നെസ്സായ ഗുസ്തിയുടെ സംഘടനാ തലവനായി തന്നെ അദ്ദേഹത്തെ നിയോഗിക്കുന്നതില്‍ ബി.ജെ.പി. നിര്‍ബന്ധിതനായതും ഈ എം.പി മല്ലന്റെ പവര്‍ പൊളിറ്റിക്സ് തിരിച്ചറിഞ്ഞു തന്നെയാണെന്ന് നിസംശയം പറയാം….ഇപ്പോഴിതാ ദേശീയ ഗുസ്തി ഫെഡറേഷന്റെ തെരഞ്ഞെടുപ്പിൽ വീണ്ടും അധികാരം പിടിക്കാനുറച്ച് ബ്രിജ് ഭൂഷൺ കരുക്കൾ നീക്കുകയാണ്.. തെരഞ്ഞെടുപ്പിൽ ബ്രിജ് ഭൂഷനെ അനുകൂലിക്കുന്നവർ നൽകിയത് 23 പത്രികകളാണ്…25 ൽ 20 സംസ്ഥാനങ്ങളും ബ്രിജ്ഭൂഷണിനൊപ്പമാണെന്നാണ് അദ്ദേഹത്തിന്റെ അനനായികളും പറയുന്നത്..
ഗുസ്തി താരങ്ങൾ നൽകിയ ലൈംഗിക പീഡന പരാതി നിലനിൽക്കെയാണ് ബ്രിജ് ഭൂഷൺ ശരൺസിങ് വെല്ലുവിളിയുമായി രംഗത്തെത്തിയിരിക്കുന്നത്..ഗുസ്തിതാരങ്ങളുടെ സമരം കൊടുമ്പിരി കൊണ്ട സമയത്ത് കേന്ദ്രസർക്കാർ പറഞ്ഞത് 12 വർഷം ഇതിനോടകം തന്നെ അധ്യക്ഷസ്ഥാനത്ത് പൂർത്തിയാക്കിയ ബ്രിജ് ഭൂഷണോ ബ്രിജ് ഭൂഷണുമായി ബന്ധമുള്ള ആരും തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല എന്നാണ്. എന്നാൽ ഈ വാക്കുകളൊക്കെ വെറുംവാക്കാകുന്ന കാഴ്ചകളാണ് തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ കാണാൻ സാധിക്കുന്നത്.
കേസും വിവാദങ്ങളും പുത്തരിയല്ലാത്ത ബ്രിജ് ഭൂഷണ് സിങ്ങ് ഗുണ്ടോം കാ ഗുണ്ടയെന്നാണ് അറിയപ്പെടുന്നത്. കാരണം എന്തിനും പോന്ന അത്രമാത്രം അനുയായികളാണ് എപ്പോഴും ഈ എം.പിക്കൊപ്പമുണ്ടുവുക. അധോലോക നായകന് ദാവൂദ് ഇബ്രാഹിമുമായി ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടി 1990-ല്‍ ടാഡ ചുമത്തപ്പെട്ട് നിരവധി മാസം തിഹാര്‍ ജയിലി ല്‍ കഴിഞ്ഞ ചരിത്രമുണ്ട് ബ്രിജ് ഭൂഷണ് പറയാന്‍. ദാവൂദിന്റെ കൂട്ടാളികള്‍ക്ക് ഒളിവില്‍ കഴിയാന്‍ സഹായം നല്‍കിയെന്നതായിരുന്നു കുറ്റം. ഒപ്പം ബാബറി മസ്ജിദ് കേസിലും അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു.
മാത്രമല്ല ഗുസ്തി താരങ്ങൾ നൽകിയ ലൈംഗികാതിക്രമ കേസിൽ ബ്രിജ് ഭൂഷന് ഈ മാസം 20 ന് കോടതി ജാമ്യം അനുവദിച്ചിരുന്നു. ദില്ലി റോസ് അവന്യു കോടതിയാണ് ബി ജെ പി എം പിക്ക് സ്ഥിര ജാമ്യം അനുവദിച്ചത്. വനിതാ ഗുസ്തിതാരങ്ങളുടെ ശരീരത്തിൽ മോശമായ രീതിയിൽ സ്പർശിച്ചു, തികച്ചും സ്വകാര്യമായ ചോദ്യങ്ങൾ ചോദിച്ചു, ലൈംഗികാവശ്യങ്ങൾ ഉന്നയിച്ചു എന്നിവയാണ് ബ്രിജ് ഭൂഷണെതിരായ ആരോപണങ്ങൾ. ആറ് ഗുസ്തി താരങ്ങളുടെ പരാതിയില്‍ ആയിരത്തി അഞ്ഞൂറോളം പേജുള്ള കുറ്റപത്രമാണ് ദില്ലി പൊലീസ് റോസ് അവന്യൂ കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ളത്.
പ്രായപൂര്‍ത്തിയാകാത്ത താരത്തിന്റെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നും പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. പ്രായപൂര്‍ത്തിയാകാത്ത താരം ഉന്നയിച്ച പരാതിക്ക് അടിസ്ഥാനമില്ലെന്നാണ് പൊലീസ് ചൂണ്ടികാട്ടിയത്. പെണ്‍കുട്ടി മൊഴി പിന്‍വലിച്ചെന്നും പൊലീസ് കോടതിയെ അറിയിച്ചിരുന്നു. ചാമ്പ്യന്‍ ഷിപ്പില്‍ തോറ്റതിലുള്ള പ്രകോപനത്തില്‍ ബ്രിജ് ഭൂഷണോടുള്ള ദേഷ്യം മൂലം പരാതി നല്‍കിയതാണെന്ന പെണ്‍കുട്ടിയുടെ അച്ഛന്റെ മൊഴിയും വാദത്തിന് ബലം പകരാന്‍ പൊലീസ് കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടു വന്നിരുന്നു. സമ്മർദ്ദങ്ങൾ നിരവധിയുണ്ടായിട്ടും ബ്രിജ് ഭൂഷണിനെതിരെ നടപടിയെടുക്കാനോ ബിജെപിയിൽ നിന്ന് പുറത്താക്കാനോ കേന്ദ്രസർക്കാരോ ബിജെപിയോ ഇതുവരെ തയ്യാറായിട്ടില്ല.. നേരത്തേ പറഞ്ഞതുപോലെ പൊളിറ്റിക്കൽ പവർ അത് തന്നെയാണ് ബിജെപി ലക്ഷ്യം വെയ്ക്കുന്നതും..ഇത്രയേറെ പ്രതിഷേധങ്ങളുണ്ടായിട്ടും അയാൾക്കെതിരെ ഒരു ചെറു വിരൽ അനക്കാൻ രാജ്യം ഭരിക്കുന്ന കേന്ദ്ര സർക്കാരിന് കഴിയാഞ്ഞിട്ടാണോ? അതോ കണ്ടില്ലെന്ന് നടിക്കുകയാണോ ?