കർണാടകയിലെ കോൺഗ്രസ് നേതാവ് ബ്രിജേഷ് കളപ്പ രാജിവെച്ചു; ആം ആദ്മി പാർട്ടിയിലേയ്ക്കെന്ന് സൂചന
കർണാടക കോൺഗ്രസിലെ മുതിർന്ന നേതാവ് ബ്രിജേഷ് കളപ്പ രാജിവെച്ചു (Brijesh Kalappa Resigns from Congress). സുപ്രീം കോടതി അഭിഭാഷകൻ കൂടിയായ കളപ്പ ആം ആദ്മി പാർട്ടിയിലേക്കെന്നാണ് റിപ്പോർട്ടുകൾ. 1997-ലാണ് അദ്ദേഹം കോൺഗ്രസ് പാർട്ടിയിൽ ചേർന്നത്. കഴിഞ്ഞ കുറച്ചുനാളുകളായി പാർട്ടിപ്രവർത്തകനെന്ന നിലയിലുള്ള ആവേശവും ഉത്സാഹവും നഷ്ടപ്പെടുകയാണെന്ന് കളപ്പ സോണിയ ഗാന്ധിയ്ക്കെഴുതിയ തുറന്ന കത്തിൽ പറയുന്നു.
കഴിഞ്ഞ ഒരു പതിറ്റാണ്ടുകാലമായി താൻ കോൺഗ്രസ് പാർട്ടിയെ പ്രതിനിധീകരിച്ച് വിവിധ ഹിന്ദി, ഇംഗ്ലീഷ്, കന്നഡ ടിവി ചാനലുകളിലായി 6497 ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. കൂടാതെ പാർട്ടി തുടർച്ചയായി ഏൽപ്പിച്ച രാഷ്ട്രീയ ദൗത്യങ്ങളും തനിക്ക് തൃപ്തികരമെന്ന് തോന്നുംവിധം ചെയ്തിട്ടുണ്ടെന്നും ബ്രിജേഷ് കളപ്പ സോണിയയ്ക്കെഴുതിയ കത്തിൽപ്പറയുന്നു. കൃത്യമായ തയ്യാറെടുപ്പില്ലാതെ താൻ ഒരു ചർച്ചയിലും പങ്കെടുത്തിട്ടില്ലെന്നും അദ്ദേഹം പറയുന്നു.
“2014-ലെയും, 2019-ലെയും വീഴ്ചകളുടെ അനന്തരഫലമായി ഉണ്ടായ മോശം സമയങ്ങളിൽപ്പോലും എനിക്ക് അശേഷം ക്ഷീണമോ ഉൽസാഹക്കുറവോ തോന്നിയിട്ടില്ല. പക്ഷേ, കുറച്ച് നാളുകളായി എനിക്ക് ഉൽസാഹക്കുറവും എൻ്റെതന്നെ പ്രകടനങ്ങളിൽ ഉദാസീനതയും അലസതയും തോന്നിത്തുടങ്ങിയിരിക്കുന്നു,” ബ്രിജേഷ് കളപ്പ തൻ്റെ ഫേസ്ബുക്ക് ഐഡിയിലൂടെ പങ്കുവെച്ച തുറന്ന കത്തിൽപ്പറയുന്നു.
കർണാടകയിലെ സിദ്ദരാമയ്യ നയിച്ച കോൺഗ്രസ് സർക്കാരിൻ്റെ നിയമോപദേശകനായിരുന്നു ബ്രിജേഷ് കളപ്പ. സർക്കാരിൽ ക്യാബിനറ്റ് മന്ത്രിയുടെ പദവിയുള്ളയാളായിരുന്നു അദ്ദേഹം. കപിൽ സിബലിന് പിന്നാലെ ബ്രിജേഷ് കളപ്പയുടെ രാജി കോൺഗ്രസിന് ദേശീയതലത്തിലും കർണാടകയിലും വലിയ തിരിച്ചടിയായേക്കും.