ബജറ്റ് നിരാശാജനകമെന്ന് കെഎന്‍ ബാലഗോപാല്‍
2025ലെ കേന്ദ്ര ബജറ്റില്‍ കേരളത്തിനോടുള്ള സമീപനം അങ്ങേയറ്റം നിരാശാജനകമാണെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. രാഷ്ട്രീയമായി താല്പര്യമുള്ള സ്ഥലങ്ങളില്‍ മാത്രം കൂടുതല്‍ കാര്യങ്ങള്‍ അനുവദിച്ചുവെന്നതാണ് ബജറ്റില്‍ പൊതുവെ കാണുന്നത്. എല്ലാവരോടും തുല്യസമീപനമല്ല ഉണ്ടായിരിക്കുന്നത്. കേരളത്തിന് ന്യായമായ ചില ആവശ്യങ്ങളുണ്ടായിരുന്നു. കേരളത്തിന് വലിയ തോതില്‍ സാമ്പത്തികമായി വെട്ടിക്കുറവ് ഉണ്ടായെന്നും ബാലഗോപാല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
വയനാട് ദുരന്തത്തിനു വേണ്ടിയുള്ള പക്കേജ് ന്യായമാണെങ്കിലും കേന്ദ്രസര്‍ക്കാര്‍ പരിഗണിച്ചില്ല. 20 വര്‍ഷത്തിനിടെ ഇന്ത്യയിലുണ്ടായ ഏറ്റവും വലിയ എക്സ്പോര്‍ട്ട് പ്രൊമോഷന് സ്കീമായിരുന്നു വിഴിഞ്ഞം. അതിനും പ്രത്യേകമായി പണം അനുവദിച്ചിട്ടില്ല. പ്രധാനമായി അനുവദിക്കേണ്ട സ്ഥാപനങ്ങൾ ഒന്നും തന്നെ അനുവദിച്ചിട്ടില്ല. അഞ്ച് ഐഐടികളില്‍ പുതിയ കോഴ്സുകള്‍ ആരംഭിക്കുന്നതിനെക്കുറിച്ച് മാത്രമാണ് ബജറ്റില്‍ പറഞ്ഞിട്ടുള്ളതെന്നും ധനമന്ത്രി പറഞ്ഞു.