ലാലു പ്രസാദിനെതിരെ വീണ്ടും കേസ്; സിബിഐ റെയ്ഡ്, ഭാര്യയും മകളും പ്രതികള്‍
![](https://sarklive.com/wp-content/uploads/2022/05/Lalu-Yadav.jpg)
ലാലു പ്രസാദ് യാദവിനെതിരെ വീണ്ടും അഴിമതിക്കേസ്. 2004നും 2009നുമിടയില്‍ ലാലു കേന്ദ്ര റെയില്‍വേ മന്ത്രിയായിരുന്ന സമയത്തെ അനധികൃത നിയമനങ്ങളിലാണ് സിബിഐ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തത്. ഈ കേസില്‍ ലാലുവിന്റെ ഭാര്യ റാബ്രി ദേവി, മകളും രാജ്യസഭാ എംപിയുമായ മിസ ഭാരതി, മറ്റു ചില കുടുംബാംഗങ്ങള്‍ തുടങ്ങിയവരും പ്രതികളാണ്.
കേസിനോട് അനുബന്ധിച്ച് ലാലുവിന്റെ വീട്ടിലും ഓഫീസിലുമടക്കം 15 കേന്ദ്രങ്ങളില്‍ സിബിഐ റെയ്ഡ് നടത്തുകയാണ്. റെയില്‍വേയില്‍ ജോലി നല്‍കുന്നതിന് പ്രതിഫലമായി ലാലും കുടുംബാംഗങ്ങളും ഭൂമിയും വീടും ഉള്‍പ്പെടെ കോഴയായി വാങ്ങിയിട്ടുണ്ടെന്നാണ് ആരോപണം. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട് നടത്തിയ ട്രഷറി തട്ടിപ്പു കേസില്‍ ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ മാസമാണ് ലാലു ജയില്‍ മോചിതനായത്.
ഫെബ്രുവരിയില്‍ ഈ കേസില്‍ സിബിഐ കോടതി ലാലുവിനെ 5 വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. 139 കോടി രൂപയുടെ തിരിമറി നടത്തിയെന്ന് ആരോപിക്കപ്പെടുന്ന ഈ കേസില്‍ ലാലു 60 ലക്ഷം രൂപ പിഴയടയ്ക്കാനും കോടതി നിര്‍ദേശിച്ചിരുന്നു. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട് ലാലു ശിക്ഷിക്കപ്പെടുന്ന 5-ാമത്തെ കേസാണ് ഇത്.
Content Highlight: cbi files new case against lalu prasad yadav