കശ്മീരില്‍ മേഘവിസ്ഫോടനം; പത്തിലധികം പേര് മരിച്ചതായി സംശയം
 
			    	    ജമ്മു കശ്മീരില്‍ മേഘവിസ്ഫോടനത്തെ തുടര്‍ന്ന് ഉണ്ടായ പ്രളയത്തില്‍ വന്‍നാശനഷ്ടം. പത്തിലധികം ആളുകള്‍ മരിച്ചതായി സംശയിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കശ്മീരിലെ ചോസ്തി മേഖലയിലാണ് മേഘവിസ്ഫോടനം ഉണ്ടായത്. സൈന്യവും സംസ്ഥാന ദുരന്തപ്രതികരണ സേനയും പൊലീസും രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. സ്ഥലത്ത് നിന്ന് തീര്‍ഥാടകരെ ഒഴിപ്പിക്കുകയാണ്. കിഷ്ത്വാറിലെ പ്രസിദ്ധമായ ചണ്ഡി മാതാ മച്ചൈല്‍ യാത്ര ആരംഭിക്കുന്നത് ചോസ്തിയില്‍ നിന്നാണ്. മിന്നല്‍ പ്രളയത്തില്‍ കുറഞ്ഞത് പത്തു പേരെങ്കിലും മരിച്ചതായി സംശയിക്കുന്നതായി അധികൃതര്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.
‘മച്ചൈല്‍ മാതാ യാത്രയുടെ ആരംഭ പോയിന്റായ കിഷ്ത്വാറിലെ ചോസ്തിപ്രദേശത്ത് പെട്ടെന്നാണ് വെള്ളപ്പൊക്കം ഉണ്ടായത്. രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്,’- ഡെപ്യൂട്ടി കമ്മീഷണര്‍ കിഷ്ത്വാര്‍ പങ്കജ് ശര്‍മ്മ പറഞ്ഞു.’ചോസ്തി പ്രദേശത്ത് വന്‍ മേഘവിസ്ഫോടനം ഉണ്ടായി, ഇത് ഗണ്യമായ നാശനഷ്ടങ്ങള്‍ക്ക് കാരണമായേക്കാം. അധികൃതര്‍ ഉടന്‍ തന്നെ നടപടി സ്വീകരിച്ചു, രക്ഷാസംഘം സ്ഥലത്തേക്ക് പുറപ്പെട്ടു. നാശനഷ്ടം വിലയിരുത്തലും ആവശ്യമായ രക്ഷാപ്രവര്‍ത്തന, മെഡിക്കല്‍ മാനേജ്മെന്റ് ക്രമീകരണങ്ങളും നടത്തിവരികയാണ്. സാധ്യമായ എല്ലാ സഹായവും നല്‍കും’- കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് കുറിച്ചു. രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമമായി നടത്താന്‍ പൊലീസ്, സൈന്യം, ദുരന്ത നിവാരണ ഏജന്‍സികള്‍ എന്നിവയോട് ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ നിര്‍ദേശിച്ചു.
 
			    					         
								     
								     
								        
								        
								       













