കോൺഗ്രസിന്റെ ചിന്തൻ ശിബിരത്തിന് ഇന്ന് തുടക്കം
തകർച്ചയെ അഭിമുഖീകരിക്കുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിനു പുതുജീവൻ നൽകുന്നതിനായി നടത്തുന്ന ചിന്തൻ ശിബിരം ഇന്നാരംഭിക്കും. തടാകങ്ങളുടെ നഗരമായ രാജസ്ഥാനിലെ ഉദയ്പൂരിൽ നടത്തുന്ന ചിന്തൻ ശിബിരം സമാപിക്കുന്നത് മേയ് 15നാണ്.
കോൺഗ്രസിന്റെ തിരിച്ചുവരവിനുള്ള വഴികൾ കണ്ടെത്തുക, 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുക എന്നിവയാണ് ചിന്തൻ ശിബിരത്തിലെ പ്രധാന അജണ്ടകൾ. ഉദയ്പൂരിലെ താജ് ആരവല്ലി റിസോർട്ടിൽ മൂന്നുദിവസങ്ങളിലായി നടക്കുന്ന ശിബിരം ഉച്ചയ്ക്ക് രണ്ടിന് അധ്യക്ഷ സോണിയാ ഗാന്ധി ഉദ്ഘാടനംചെയ്യും.
മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി, ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി തുടങ്ങി 422 പ്രതിനിധികൾ ശിബിരത്തിൽ പങ്കെടുക്കും. ഡൽഹിയിൽനിന്ന് തീവണ്ടിമാർഗമാണ് രാഹുലും മുതിർന്ന പ്രവർത്തകസമിതി അംഗങ്ങളും ജയ്പുരിലെത്തിയത്.യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി ബി.വി. ശ്രീനിവാസ്, എൻ.എസ്.യു.ഐ. ദേശീയ സെക്രട്ടറിയും മലയാളിയുമായ എറിക് സ്റ്റീഫൻ എന്നിവരും രാഹുലിനൊപ്പമുണ്ടായിരുന്നു.
കോൺഗ്രസിനെ കരകയറ്റാനുള്ള ആക്ഷൻ പ്ലാൻ ശിബിരം തയാറാക്കും. സംഘടനാതലത്തിൽ കോൺഗ്രസിന്റെ അടിമുടി മാറ്റമാണ് ശിബിരം ലക്ഷ്യമിടുന്നത്. അതിനുള്ള വിശദമായ ചർച്ചകൾക്ക് ശിബിര വേദി സാക്ഷ്യം വഹിക്കും. ശിബിരം കോൺഗ്രസിന്റെ ചരിത്രത്തിലെ നാഴികക്കല്ലാവുമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് വാർത്താസമ്മേളനത്തിൽ അവകാശപ്പെട്ടു.
ശിബിരത്തിന്റെ ക്രമീകരണങ്ങൾ അശോക് ഗഹ്ലോത്, ദേശീയ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, അജയ് മാക്കൻ, രൺദീപ് സിങ് സുർജേവാല തുടങ്ങിയ നേതാക്കൾ വിലയിരുത്തിവരുകയാണ്.
Content Highlight – Congress ‘Chintan Shivir’ Agenda Meeting Starting today