സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ മാപ്പര്‍ഹിക്കുന്നില്ല, കുറ്റവാളികളെ വെറുതെവിടരുത്- മോദി
സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ മാപ്പർഹിക്കാത്ത തെറ്റാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊല്‍ക്കത്തയില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൻറെ പശ്ചാത്തലത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന.
ഇത്തരം കുറ്റവാളികളെ രക്ഷപ്പെടാൻ അനുവദിക്കരുതെന്നും സ്ത്രീശാക്തീകരണത്തോടൊപ്പം സ്ത്രീകളുടെ സുരക്ഷയും രാജ്യത്തിന്റെ പരിഗണനയാണെന്നും മഹാരാഷ്ട്രയിലെ ലാഖ്പതി ദീദി സമ്മേളനത്തില്‍ സംസാരിക്കവെ മോദി പറഞ്ഞു.
സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യം മാപ്പർഹിക്കാത്ത തെറ്റാണെന്ന് രാജ്യത്തെ എല്ലാ രാഷ്ട്രീയ പാർട്ടികളോടും സംസ്ഥാന സർക്കാരുകളോടും പറയുകയാണ്. കുറ്റം ചെയ്തവരെ വെറുതേവിടാൻ പാടില്ല. ഏതെങ്കിലും രൂപത്തില്‍ അവരെ സഹായിക്കുന്നവരേയും വെറുതേവിടാൻ പാടില്ല.
സ്കൂളോ ആശുപത്രിയോ പോലീസോ സർക്കാർ സംവിധാനമോ എന്തുമാകട്ടെ, ഏത് തലത്തിലുള്ള വ്യക്തി തെറ്റ് ചെയ്താലും അവർ ഉത്തരവാദിയായിരിക്കണം. കൃത്യമായി മുകളില്‍നിന്ന് താഴേയ്ക്ക് ഈ സന്ദേശം പോകേണ്ടതുണ്ട്. ഈ അന്യായം പൊറുക്കാനാകാത്തതാണ്.
സർക്കാരുകള്‍ വന്നുംപോയുമിരിക്കും. എന്നാല്‍, സ്ത്രീകളുടെ അന്തസ്സും മാന്യതയും സംരക്ഷിക്കുന്നത് സർക്കാരിന്റേയും ഒരു സമൂഹമെന്ന നിലയില്‍ നമ്മള് ഓരോരുത്തരുടേയും ഉത്തരവാദിത്വമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.