കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത വര്‍ധിപ്പിച്ചു
കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത വർധിപ്പിച്ചു. നാല് ശതമാനമാണ് വർധിപ്പിച്ചത്.ഇതോടെ അടിസ്ഥാന ശമ്ബളത്തിന്റെ 46ശതമാനമായിരുന്ന ഡി.എ 50 ശതമാനമായി വർധിക്കും. ലോക് സഭാ തെരഞ്ഞെടുപ്പിന് രാജ്യം ഒരുങ്ങുന്നതിന് പിന്നാലെയാണ് തീരുമാനം.
ജനുവരി 1 മുതല്‍ മുൻകാല പ്രാബല്യവും പ്രഖ്യാപിച്ചിട്ടുണ്ട്. 49.18 ലക്ഷം ജീവനക്കാർക്കും 67.95 ലക്ഷം പെൻഷൻകാർക്കും പ്രയോജനം ലഭിക്കുമെന്ന് കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു. ഖജനാവിന് പ്രതിവർഷം 12,868.72 കോടി രൂപ ചെലവ് വരുമെന്നും അദ്ദേഹം പറഞ്ഞു . ഡി.എ വർധനയോടെ യാത്ര,കാന്റീൻ, ഡെപ്യൂട്ടേഷൻ അലവൻസുകളും 25 ശതമാനം വർദ്ധിക്കും.
ഡിഎ 50% ആയാല്‍ എച്ച്ആർഎ വർധിപ്പിക്കുമെന്ന് ഏഴാം കേന്ദ്ര ശമ്ബളപരിഷ്കരണ റിപ്പോർട്ടില്‍ വ്യവസ്ഥയുണ്ട്. രാജ്യത്തെ നഗരങ്ങളെ ജനസംഖ്യാടിസ്ഥാനത്തില്‍ 3 വിഭാഗങ്ങളാക്കി തിരിച്ചാണു ജീവനക്കാർക്ക് എച്ച്ആർഎ നല്‍കുന്നത്. നിലവില്‍ എക്സ്, വൈ, ഇസെഡ് വിഭാഗം നഗരങ്ങളില്‍ യഥാക്രമം 27%, 18%, 9% എന്നിങ്ങനെയാണ് എച്ച്ആർഎ. ഇത് 30%, 20%, 10% ആയി ഉയരും.