ഡല്‍ഹി ബിജെപി നിയമസഭാകക്ഷി യോഗം മാറ്റി; മുഖ്യമന്ത്രിയെ ബുധനാഴ്ച പ്രഖ്യാപിച്ചേക്കും

ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് ഒരാഴ്ചയിലേറെ കഴിഞ്ഞിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാനാകാതെ ബിജെപി. ബിജെപി നിയമസഭാ കക്ഷിയോഗം ഇന്ന് ചേരാനായിരുന്നു ഏറ്റവുമൊടുവില്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ യോഗം ബുധനാഴ്ചത്തേക്ക് മാറ്റിയതായി ബിജെപി കേന്ദ്ര നേതൃത്വം അറിയിച്ചു.
ബുധനാഴ്ച ബിജെപി നിയമസഭാകക്ഷി യോഗം ചേര്‍ന്ന് പുതിയ നേതാവിനെ തെരഞ്ഞെടുക്കുകയും, വ്യാഴാഴ്ച പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏൽക്കും എന്നുമാണ് ബിജെപി നേതാക്കള്‍ സൂചിപ്പിക്കുന്നത്. ഡല്‍ഹിയിലെ പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതില്‍ ബിജെപിയില്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വമാണ് നിയമസഭാകക്ഷി യോഗം നീളാന്‍ കാരണമെന്നാണ് സൂചന.
ന്യൂഡല്‍ഹി മണ്ഡലത്തില്‍ മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ അട്ടിമറിച്ച് തിളക്കമാര്‍ന്ന വിജയം നേടിയ പര്‍വേശ് വര്‍മ്മയാണ് പരിഗണിക്കപ്പെടുന്നവരില്‍ പ്രധാനി. മുന്‍ പ്രതിപക്ഷ നേതാവ് വിജേന്ദര്‍ ഗുപ്തയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നുണ്ട്. വനിതാ മുഖ്യമന്ത്രിയാണ് വരുന്നതെങ്കില്‍, രേഖ ഗുപ്ത, ശിഖ റോയ് എന്നിവരില്‍ ഒരാളാകും ആ സ്ഥാനത്തേക്ക് വരുന്നത്.