പെൺകുട്ടിയുടെ ചുണ്ടുകളിൽ സ്പർശിക്കുന്നതും ഒരുമിച്ച് കിടന്നുറങ്ങുന്നതും പോക്സോ നിയമത്തിന്റെ പരിതിയിൽ വരില്ലെന്ന് ഡൽഹി ഹൈക്കോടതി

ലൈംഗിക ഉദ്ദേശത്തോടെയല്ലാതെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ചുണ്ടുകളിൽ സ്പർശിക്കുന്നതും ഒരുമിച്ച് കിടന്നുറങ്ങുന്നതും പോക്സോ നിയമത്തിന്റെ പരിതിയിൽ വരില്ലെന്ന് ഡൽഹി ഹൈക്കോടതി. ബന്ധുവായ വ്യക്തിക്കെതിരെ പ്രായപൂർത്തിയാകാത്ത പെൺകുട്ടി നൽകിയ പരാതി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ പരാമർശം.
ഇത്തരത്തിലുള്ള പ്രവർത്തികൾ കുട്ടിയുടെ പാതിവ്രത്യത്തിനും അന്തസ്സിനും കോട്ടം വരുത്തുന്നതാണ്. എന്നാൽ ലൈംഗിക ഉദ്ദേശത്തോട് കൂടിയല്ലാത്ത പക്ഷം ഇത് പോക്സോ നിയമത്തിന്റെ പത്താം വകുപ്പിന്റെ പരിധിയിൽ വരിലെന്ന് കോടതി പറഞ്ഞു. അതേസമയം ഐപിസി സെക്ഷൻ 354 പ്രകാരം ‘സ്ത്രീയുടെ മാന്യതയ്ക്ക് ഭംഗം വരുത്തുക എന്ന ഉദ്ദേശ്യത്തോടെ ആക്രമണം’ നടത്തിയതിന് പ്രഥമദൃഷ്ട്യാ കുറ്റമുണ്ടെന്ന് ജഡ്ജി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് സ്വരണ കാന്ത ശർമ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിരീക്ഷണം.
പ്രതി തന്റെ ചുണ്ടിൽ സ്പർശിക്കുകയും തന്റെ അരികിൽ ഉറങ്ങുകയും ചെയ്തുവെന്നും അത് തനിക്ക് അസ്വസ്ഥത ഉണ്ടാക്കിയെന്നുമായിരുന്നു കുട്ടി നൽകിയ പരാതിയിൽ പറഞ്ഞിരുന്നത്. എന്നാൽ ഹർജിക്കാരന്റെ പ്രവർത്തികൾ ലൈംഗിക ഉദ്ദേശത്തോടെയാണെന്ന് തെളിയിക്കാൻ പരാതിക്കാരിക്ക് സാധിച്ചില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.