AICC ആസ്ഥാനത്ത് ഡൽഹി പൊലീസ്; പ്രതിഷേധക്കാരെ വലിച്ചിഴച്ച് അറസ്റ്റ്
നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ തുടർച്ചയായ മൂന്നാം ദിവസവും ചോദ്യം ചെയ്തതിൽ പ്രതിഷേധിച്ചവരെ നീക്കാൻ എ ഐ സിസി ആസ്ഥാനത്ത് കയറി വേട്ടയാടി ഡൽഹി പൊലീസ്. കോൺഗ്രസ് പ്രവർത്തകരും നേതാക്കളും എ ഐ സി സി ആസ്ഥാനത്ത് നടത്തിയ പ്രതിഷേധം സംഘർഷത്തിലേക്ക് വഴിമാറി. ബാരിക്കേഡുകൾ തകർത്ത് മുന്നോട്ട് നീങ്ങിയ മഹിളാ കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
കേന്ദ്രസർക്കാർ അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ചാണ് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിക്കുന്നത്. പ്രതിഷേധക്കാരെ നീക്കുന്നതിന് വേണ്ടി ഡൽഹി പൊലീസ് എ ഐ സി സി ആസ്ഥാനത്ത് പ്രവേശിച്ചത് വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചത്. ബാരിക്കേഡുകൾ തകർത്ത് നീങ്ങിയ കോൺഗ്രസ് പ്രവർത്തകരെ പൊലീസ് വലിച്ചിഴച്ച് അറസ്റ്റ് ചെയ്തത്.
കോൺഗ്രസ് അധ്യക്ഷൻ ബി വി ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം പ്രവർത്തകർ ഇ ഡി ഓഫീസിന് മുന്നിലെ ബാരിക്കേഡ് തകർത്ത് മുന്നോട്ട് നീങ്ങിയതോടെയാണ് സംഘർഷം രൂക്ഷമായത്. ശ്രീനിവാസിനെയാണ് ആദ്യം അറസ്റ്റ് ചെയ്ത് നീക്കിയത്. പിന്നീടാണ് വനിതാ പ്രവർത്തകരെയടക്കം വലിച്ചിഴച്ച് സ്ഥലത്ത് നിന്ന് മാറ്റിയത്.
തന്റെ നെഞ്ചിൽ ചവിട്ടി വലിച്ചിഴച്ചാണ് ഡൽഹി പൊലീസ് വണ്ടിയിൽ കയറ്റിയതെന്ന് കേരളത്തിൽ നിന്നുള്ള രാജ്യസഭാ എം പി ജെബി മേത്തർ പറയുന്നു. കെ സി വേണുഗോപാലും മററു നേതാക്കളും റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. അക്ബർ റോഡിലും പരിസരത്തും കനത്ത പൊലീസ് സുരക്ഷയിലാണ്.
രാഷ്ട്രീയ പകപോക്കലിന്റെ പേരിലാണ് രാഹുൽ ഗാന്ധിയെ തുടർച്ചായ മൂന്നാം ദിവസവും ഇ ഡി ചോദ്യം ചെയ്യുന്നത്. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് സോണിയാ ഗാന്ധി ചോദ്യം ചെയ്യലിന് ഹാജരായില്ല.
Content Highlights : AICC Protest against E D Questing Rahul Gandhi