ദൃശ്യം മോഡൽ കൊലപാതകം; ഡൽഹിയിൽ സ്ത്രീയെ കൊലപ്പെടുത്തി ഭർത്താവ് സെമിത്തേരിയിൽ കുഴിച്ചിട്ടു

ഡൽഹിയിൽ അരങ്ങേറിയത് ദൃശ്യം മോഡൽ കൊലപാതകം. 30 വയസ്സുള്ള ഒരു സ്ത്രീയെ ഭർത്താവ് കൊലപ്പെടുത്തി സെമിത്തേരിയിൽ കുഴിച്ചിട്ടു. ശേഷം ഭാര്യ കാമുകനൊപ്പം ഒളിച്ചോടിയതായി വരുത്തി തീർക്കാനുള്ള ശ്രമം സിസിടിവി ദൃശ്യങ്ങളിലൂടെ പൊളിഞ്ഞു. പ്രതിയെയും രണ്ട് കൂട്ടാളികളെയും പൊലീസ് അറസ്റ്റ് ചെയ്തു.
ഉത്തർപ്രദേശിലെ അമ്രോഹയിലെ പെയിന്റിങ് തൊഴിലാളിയായ ഷദാബ് അലി(47)യാണ് ഭാര്യ ഫാത്തിമയെ മറ്റൊരു ബന്ധമുണ്ടെന്ന് സംശയിച്ച് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇയാൾ ഭാര്യയെ കീടനാശിനി കുടിപ്പിക്കുകയും ലഹരി ഗുളികകൾ നൽകുകയും ചെയ്തുവെന്ന് സൗത്ത് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ അങ്കിത് ചൗഹാൻ പറഞ്ഞു.
പിന്നീട് പ്രതി തന്റെ കൂട്ടാളികളായ ഷാരൂഖ് ഖാൻ, തൻവീർ എന്നിവരുടെ സഹായത്തോടെ ഫാത്തിമയുടെ മൃതദേഹം ഒരു കാറിൽ മെഹ്റൗളിയിലെ സെമിത്തേരിയിലേക്ക് കൊണ്ടുപോയി കുഴിച്ചിടുകയും വസ്ത്രങ്ങൾ ഒരു കനാലിൽ വലിച്ചെറിയുകയും ചെയ്തുവെന്നും ഡിസിപി കൂട്ടിച്ചേർത്തു. പിടിക്കപ്പെടാതിരിക്കാൻ ഷദാബ് തന്റെ ജന്മനാടായ അമ്രോഹയിലേക്ക് പോകുകയും ചെയ്തു.
ഓഗസ്റ്റ് 10-ന് ഫാത്തിമയുടെ ഒരു സുഹൃത്ത് മെഹ്റോളി പൊലീസ് സ്റ്റേഷനിൽ യുവതിയെ കാണാനില്ലെന്ന് പരാതി നൽകിയതിനെ തുടർന്നാണ് സംഭവം പുറത്തുവന്നത്. അന്വേഷണത്തിനിടെ പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിൽ ഫാത്തിമ ഭർത്താവിനും കൂട്ടാളികൾക്കുമൊപ്പം നിൽക്കുന്നതായി വ്യക്തമായി. ദൃശ്യങ്ങളിൽ അവർ അബോധാവസ്ഥയിലായിരുന്നു.
ആദ്യം കുറ്റം നിഷേധിച്ച ഷദാബ് പിന്നീട് അന്വേഷണം വഴിതെറ്റിക്കാൻ മൃതദേഹം കനാലിൽ വലിച്ചെറിഞ്ഞതായി അവകാശപ്പെട്ടു. എന്നാൽ, കൂടുതൽ ചോദ്യം ചെയ്യലിൽ അയാൾ കുറ്റം സമ്മതിച്ചു. ഫാത്തിമയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്നും അതുകൊണ്ടാണ് അവരെ കൊലപ്പെടുത്താൻ പദ്ധതിയിട്ടതെന്നും അയാൾ പറഞ്ഞു.