പ്രവാചക നിന്ദ; ഡൽഹിയിൽ തമ്പടിച്ച് മുംബൈ പൊലീസ്, നൂപുർ ശർമ ഒളിവിൽ
ബി ജെ പിയുടെ മുൻ വക്താവ് നൂപുർ ശർമയെ ചോദ്യം ചെയ്യാനായി മുംബൈ പൊലീസ് ഡൽഹിയിലെത്തി. പക്ഷേ നൂപുർ ശർമയെ കാണാൻ പോലും അവർക്കായില്ല. നൂപുർ ശർമ ഒളിവിലാണെന്നാണ് പൊലീസിൽ നിന്ന ലഭിക്കുന്ന വിവരം. അഞ്ച് ദിവസമായി മുംബൈയിൽ നിന്നെത്തിയ സംഘം ഡൽഹിയിൽ തങ്ങുകയാണ്. ചാനൽ ചർച്ചക്കിടെ പ്രവാചകനെ നിന്ദിച്ച സംഭവത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നൂപുർ ശർമക്കെതിരെ കേസുണ്ട്.
ഡൽഹി സ്വദേശിയായ ഇർഫാൻ ഷൈഖിന്റെ പരാതിയിൽ മെയ് 28 നാണ് മുംബൈ പൊലീസ് നൂപുർ ശർമക്കെതിരെ കേസെടുത്തത്. ഇവരെ അറസ്റ്റ് ചെയ്യുന്നതിന് ആവശ്യമായ തെളിവുകൾ ശേഖരിച്ചിട്ടുണ്ടെന്ന് മഹാരാഷ്ട്ര ആഭ്യന്ത്രര മന്ത്രാലയത്തെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
തൃണമൂൽ കോൺഗ്രസ് നേതാവ് അബ്ദുൾ സുഹൈലിന്റെ പരാതിയിൽ കൊൽക്കത്ത പൊലീസും നൂപുറിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മൊഴി രേഖപ്പെടുത്തുന്നതിനായി ജൂൺ 20 ന് ഹാജരാവാനായി നോട്ടീസ് നൽകി. ഡൽഹി പൊലീസും എഫ് ഐ ആർ രജിസ്റ്റർ ചെയ്തു.
ചർച്ചക്കിടെ പ്രവാചക നിന്ദ നടത്തിയ സംഭവത്തിൽ ഗൾഫ് രാജ്യങ്ങളടക്കം വൻ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് നൂപുർ ശർമയെ പാർട്ടി പദവിയിൽ നിന്ന് പുറത്താക്കിയത്. പ്രതിഷേധം ശക്തമായതോടെ പ്രസ്താവന പിൻവലിച്ച് നിരുപാധികം മാപ്പ് പറഞ്ഞെങ്കിലും പാർട്ടിയെടുത്ത നടപടി മതിയാവില്ല, കടുത്ത നടപടികൾ സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാണ്.
Content Highlights : Mumbai police at Delhi Searching for Nupur Sharma on hate talk