ന്യൂഡല്‍ഹിയിലടക്കം മൂന്നോളം സംസ്ഥാനങ്ങളില്‍ കനത്ത മൂടല്‍മഞ്ഞ്; വിമാന ഗതാഗതവും റെയില്‍ ഗതാഗതവും താറുമാറായി, സ്കൂളുകള്‍ക്ക് അവധി
കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹിയിലും മൂന്ന് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലടക്കം ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ന്യൂഡല്‍ഹിയെ കൂടാതെ പഞ്ചാബ്, ഹരിയാന, തുടങ്ങിയ സംസ്ഥാനങ്ങളിലാണ് റെഡ് അലര്‍ട്ട്. രാജ്യതലസ്ഥാനത്ത് എത്തുന്ന നൂറോളം വിമാനങ്ങള്‍ വൈകുമെന്ന് അധികൃതര്‍ അറിയിച്ചു.
ആഭ്യന്തരവിമാനത്താവളത്തിലും അന്താരാഷ്ട്രവിമാനത്താവളത്തിലും എത്തേണ്ട നൂറോളം വിമാനങ്ങള്‍ വൈകുമെന്ന് കഴിഞ്ഞ ദിവസം തന്നെ എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചിരുന്നു. അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും പുറപ്പെടേണ്ടിയിരുന്ന 43 ഓളം വിമാനങ്ങള്‍ വൈകിയാണ് സര്‍വ്വീസ് നടത്തിയത്. അതേസമയം,ട്രെയിൻ സര്‍വ്വീസുകളും വൈകുമെന്ന് റെയില്‍വേ അറിയിച്ചിരുന്നു. 22 ട്രെയിനുകളാണ് കഴിഞ്ഞ ദിവസം വൈകി സര്‍വ്വീസ് നടത്തിയത്. ഇത് യാത്രികരെ സാരമായി ബാധിച്ചിരുന്നു.
ഇന്ന് തലസ്ഥാനത്ത് മൂടല്‍മഞ്ഞില്‍ കുറവുണ്ടെന്നും വായുവിന്റെ നിലവാരത്തില്‍ പുരോഗതയിയുണ്ടെന്നുമാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്. എയര്‍ ക്വാളിറ്റി ഇൻഡക്സ് (എക്യൂഐ) 356 ആയെന്നാണ് കണക്ക്. അടുത്ത രണ്ട് ദിവസത്തേക്ക് വായുവിന്റെ നിലവാരം മോശമാകുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.