‘ഹിന്ദു ദൈവങ്ങളെ മോശമായി ചിത്രീകരിക്കുന്നു’- എംഎഫ് ഹുസൈന്റെ 2 പെയിന്റിങ്ങുകൾ പിടിച്ചെടുക്കാൻ ഉത്തരവ്
പ്രശസ്ത ചിത്രകാരൻ എംഎഫ് ഹുസൈന്റെ 2 പെയിന്റിങ്ങുകൾ പിടിച്ചെടുക്കാൻ ഡൽഹി പട്യാല ഹൗസ് കോടതി ഉത്തരവിട്ടു. ഹിന്ദു ദൈവങ്ങളെ മോശമായി ചിത്രീകരിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി അഭിഭാഷകയായ അമിത സച്ദേവ നൽകിയ പരാതിയിലാണ് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് സാഹൽ മോൻഗ ഉത്തരവിട്ടത്.
ജൻപഥ് റോഡിലെ ഡൽഹി ആർട്ട് ഗാലറിയിൽ കഴിഞ്ഞ മാസം എംഎഫ് ഹുസൈന്റെ ചിത്രങ്ങളുടെ പ്രദർശനം നടന്നിരുന്നു. ഇതിൽ ഉൾപ്പെട്ട ചിത്രങ്ങൾക്കെതിരെ പ്രദർശനത്തിന്റെ ഫോട്ടോ ഉൾപ്പെടെ ഡിസംബർ 9നു അമിത പാർലമെന്റ് സ്ട്രീറ്റ് പൊലീസിൽ പരാതി നൽകി. അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് ഗാലറിയിലെത്തി പരിശോധന നടത്തിയെങ്കിലും ചിത്രങ്ങൾ കണ്ടെത്തിയില്ല. പിന്നാലെ പരാതിക്കാരി പട്യാല ഹൗസ് കോടതിയെ സമീപിക്കുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങൾ പിടിച്ചെടുത്തിട്ടുണ്ടെന്നു പൊലീസ് കോടതിയിൽ വ്യക്തമാക്കി. വിഷയത്തിൽ വിശദമായ റിപ്പോർട്ട് നൽകാൻ കോടതി പൊലീസിനു നിർദ്ദേശം നൽകി. എംഎഫ് ഹുസൈൻ വരച്ച ചിത്രങ്ങൾ നേരത്തെയും വിവാദമായിട്ടുണ്ട്. 2006ൽ വരച്ച സരസ്വതി ദേവിയുമായി ബന്ധപ്പെട്ട ചിത്രം വലിയ പ്രതിഷേധങ്ങൾക്കു ഇടയാക്കിയിരുന്നു