അവിശ്വാസ പ്രമേയ ചർച്ച ഓഗസ്റ്റ് എട്ടിന് പരിഗണിക്കും; പ്രധാനമന്ത്രിയുടെ മറുപടി ഓഗസ്റ്റ് 10ന്
അവിശ്വാസ പ്രമേയം ലോക്സഭയിൽ ഓഗസ്റ്റ് 8 നും 10 നും ഇടയിൽ ചർച്ച ചെയ്യുമെന്ന് സൂചന . ലോക്സഭയുടെ ബിസിനസ് ഉപദേശക സമിതി യോഗത്തിലാണ് തീരുമാനം. പ്രതിപക്ഷത്തിന്റെ നീക്കത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അവസാന ദിവസം മറുപടി നൽകിയേക്കുമെന്നും പറയുന്നു.
ലോക്സഭാ ഉടൻ തന്നെ പ്രമേയം പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ മുന്നണി ഐഎൻഡിഐഎയും ഭാരത് രാഷ്ട്ര സമിതിയും സഭ ബഹിഷ്കരിച്ചിരുന്നു. എന്നാൽ
സഭയിൽ അവിശ്വാസ പ്രമേയം ഉടൻ പരിഗണിക്കണമെന്ന് നിർബന്ധമാക്കുന്ന നിയമങ്ങളോ മുൻഗണനകളോ ഇല്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിക്കഴിഞ്ഞു .
മണിപ്പൂരിലെ സാഹചര്യങ്ങളെ കുറിച്ചുള്ള ചർച്ചയ്ക്ക് ആഭ്യന്തര മന്ത്രി മറുപടി നൽകുമെന്നാണ് സർക്കാർ ലോക്സഭയിൽ അറിയിച്ചിരുന്നത്. എന്നാൽ മണിപ്പൂരിലെ സാഹചര്യങ്ങളെ കുറിച്ച് പ്രധാനമന്ത്രി തന്നെ മറുപടി നൽകണമെന്ന് പ്രതിപക്ഷ മുന്നണി ലോക്സഭയിൽ നിർബന്ധം പിടിക്കുകയായിരുന്നു. ഈ സംഭവവികാസങ്ങളെ തുടർന്നാണ് കോൺഗ്രസിന്റെ ഗൗരവ് ഗൊഗോയ് അവിശ്വാസ പ്രമേയം ചർച്ചയ്ക്കായി അവതരിപ്പിക്കുന്നത്. 543 അംഗ ലോക്സഭയിൽ നിലവിൽ ഭരണകക്ഷിയായ എൻഡിഎയുടെ അംഗബലം 331ആണ്. പ്രതിപക്ഷമായ I.N.D.I.A സഖ്യത്തിന് 144 അംഗങ്ങളാണ് സഭയിലുള്ളത്.