തീവ്രവാദത്തിന് കുട പിടിക്കുന്ന ഡോക്ടർ ഷഹീൻ സയിദ്; ഇന്ത്യയിൽ ജെയ്ഷെ മുഹമ്മദിൻറെ വനിതാ വിഭാഗം റിക്രൂട്ട്മെന്റിൻറെ മേൽനോട്ടക്കാരി
പാകിസ്താനിലെ ഭീകരസംഘടനയുമായുള്ള ബന്ധത്തിൻ്റെ പേരിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ പ്രൊഫസറാണ് ഡോക്ടർ ഷഹീൻ ഷാഹിദ്. ജയ്ഷെ മുഹമ്മദ് എന്ന തീവ്രവാദ സംഘടനയുടെ വനിതാ വിഭാഗം ചുമതലയുള്ള വ്യക്തിയായിരുന്നു ഷഹീൻ.
ലഖ്നൗ മെഡിക്കൽ കോളജിലെ മുൻ പ്രൊഫസറായിരുന്ന ഡോ. ഷഹീൻ ഷാഹിദ് ഭീകരബന്ധത്തിൻ്റെ പേരിൽ അറസ്റ്റിലായത് കഴിഞ്ഞ ദിവസമാണ്. ജയ്ഷെ മുഹമ്മദിൻ്റെ വനിതാവിഭാഗം ആയ ‘ജമാഅത്ത് ഉൽ മോമീനിൻ്റെ’ ചുമതലയുള്ളയാളാണ് ഡോ. ഷഹീൻ. ഇന്ത്യയിൽ സംഘടനയുടെ തലപ്പത്തുള്ള ഇവർ വൈറ്റ് കോളർ ഭീകരവാദത്തിൻ്റെ പ്രധാന കണ്ണിയാണ്.
ഇന്ത്യയിൽ തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ വേണ്ടി, വനിതകളെ റിക്രൂട്ട് ചെയ്ത് ഒരു വലിയ ടീം ഉണ്ടാക്കുക എന്നതാണ് ഷഹീൻ്റെ പ്രധാന ദൗത്യം. രാജ്യാതിർത്തിക്കപ്പുറത്തുള്ള ഹാൻഡിലർമാരുമായി ഇവർ നിരന്തര ബന്ധം പുലർത്തിയിരുന്നു. രഹസ്യ സോഷ്യൽ മീഡിയ ചാനലുകൾ വഴിയായിരുന്നു ഇത്. ജയ്ഷെ മുഹമ്മദ് സ്ഥാപകൻ മസൂദ് അസറിൻ്റെ സഹോദരിയും പാകിസ്താനിലെ വനിതാവിഭാഗം മേധാവിയുമായ സാദിയാ അസറാണ് ഡോ. ഷഹീനെ നേരിട്ട് ചുമതല ഏല്പിച്ചതെന്നും അന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചിട്ടുണ്ട്.
ഡൽഹി ചെങ്കോട്ടയിൽ നടന്ന കാർ സ്ഫോടനവുമായി ബന്ധപ്പെട്ട് പിടിയിൽ ആയവരിൽ പലരും ഡോക്ടർമാർ ആയിരുന്നു. ഫരീദാബാദ് അൽ ഫലാഹ് യൂണിവേഴ്സിറ്റിയിലെ ഡോക്ടർമാരായ ഡോക്ടർ മുസമ്മിൽ അഹ്മദ് ഗനായ്, ഡോക്ടർ ഉമർ യു നബി എന്നിവർ അറസ്റ്റിലായതിന് പിന്നാലെയാണ് ഡോക്ടർ ഷഹീനും പിടിയിലായത്. തൻ്റെ മെഡിക്കൽ ബിരുദങ്ങളും പ്രൊഫഷണൽ ബന്ധങ്ങളും ഭീകരപ്രവർത്തനങ്ങൾക്കുള്ള പിന്തുണ നൽകാനായി ഷഹീൻ ഉപയോഗിച്ചിരുന്നു.
ഉത്തർപ്രദേശിലെ കാൺപൂർ ജിഎസ്വിഎം മെഡിക്കൽ കോളജ് പ്രൊഫസറായി 2006ലാണ് ഡോക്ടർ ഷഹീൻ ഷാഹിദ് ജോലി ആരംഭിച്ചത്. 2013ൽ നിരന്തരം അവധിയെടുത്ത ഇവർ ജോലിക്ക് ഹാജരാവാതെ ഇരുന്നതിനെ തുടർന്ന് 2021ൽ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. ഇതിനിടെ 2015ൽ ഇവർ വിവാഹബന്ധം വേർപെടുത്തി. പിന്നീടാണ് ഫരീദാബാദിലേക്ക് താമസം മാറ്റിയത്. ജയ്ഷെ മുഹമ്മദ് അംഗങ്ങളുമായി ഈ സമയത്താണ് ഷഹീൻ ബന്ധം സ്ഥാപിച്ചതെന്നും അന്വേഷണ ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്.
ജെയ്ഷെ മുഹമ്മദ് സ്ഥാപകൻ മസൂദ് അസ്ഹറിൻ്റെ സഹോദരി സാദിയ അസ്ഹറിൻറെ അടുത്ത ആളായിരുന്നു ഷാഹിൻ. സാദിയ അസ്ഹറിന്റെ ഭർത്താവ് യൂസഫ് അസ്ഹർ കാണ്ഡഹാർ വിമാനറാഞ്ചലിന്റെ മുഖ്യ സൂത്രധാരനായിരുന്നു, മെയ് 7 ന് ഓപ്പറേഷൻ സിന്ദൂരിനിടെയാണ് ഇയാൾ കൊല്ലപ്പെടുന്നത്.
ഫരീദാബാദിൽ ജെയ്ഷെ മുഹമ്മദിന്റെ ഭീകരവാദ മൊഡ്യൂൾ തകർത്തതിനു പിന്നാലെ, ഇവരുടെ കാറിൽ നിന്ന് ഒരു അസോൾട്ട് റൈഫിൾ കണ്ടെടുത്തിരുന്നു. അതിന് ശേഷമാണ് അവരെ അറസ്റ്റ് ചെയ്തത്. ഫരീദാബാദിലെ രണ്ട് വാടക മുറികളിൽ നിന്ന് 2,900 കിലോഗ്രാം സ്ഫോടകവസ്തുക്കൾ കണ്ടെടുത്തതിനെത്തുടർന്ന് അറസ്റ്റിലായ കശ്മീരി ഡോക്ടർ മുസമ്മിലുമായി ഷഹീന് അടുത്ത ബന്ധമുണ്ടെന്നും റിപ്പോർട്ടുണ്ട്.
ജമ്മു കശ്മീരിലെ പുൽവാമ സ്വദേശിയായ മുസമ്മിൽ അൽ ഫലാഹ് സർവകലാശാലയിൽ ഡോക്ടറായിരുന്നു. ജെയ്ഷെ-ഇ-മുഹമ്മദിനെ പിന്തുണച്ച് ശ്രീനഗറിൽ പോസ്റ്ററുകൾ പതിച്ച കേസിൽ ജമ്മു കശ്മീർ പോലീസ് മുസമ്മിലിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചതിനെ തുടർന്നാണ് അറസ്റ്റ് ചെയ്തത്.
അൽ–ഫലാ മെഡിക്കൽ കോളജിലെ വനിതാ ഡോക്ടറായ ഷഹീന്റെത് വിചിത്രമായ പെരുമാറ്റമായിരുന്നെന്നു സഹപ്രവർത്തകർ പറയുന്നു. കോളജിലെ അച്ചടക്കം പാലിക്കാൻ ഡോക്ടർ ഷഹീൻ സയീദ് ഒരിക്കലും തയാറായിരുന്നില്ല. പലപ്പോഴും ആരെയും അറിയിക്കാതെ കോളജിൽ നിന്നു പുറത്തുപോകാറുണ്ടെന്നും സഹപ്രവർത്തകർ പറയുന്നു.
‘പലരും ഷഹീൻ സയീദിനെ കാണാനെത്താറുണ്ട്. അവരുടെ പെരുമാറ്റം പലപ്പോഴും വിചിത്രമാണ്. അവർക്കെതിരെ മാനേജ്മെന്റിന് പരാതി വരെ ലഭിച്ചിട്ടുണ്ട്. എന്നാൽ ഇങ്ങനെ ഒരു കാര്യത്തിൽ അവർ ഉൾപ്പെടുമെന്ന് ഒരിക്കലും കരുതിയില്ല’ എന്ന് കോളജിലെ ഒരു പ്രൊഫസർ പറഞ്ഞു. എൻഐഎയുടെ അന്വേഷണവുമായി പൂർണമായും തങ്ങൾ സഹകരിക്കുമെന്നും സഹപ്രവർത്തകർ പറയുന്നു.
ഭീകരസംഘത്തിന്റെ പ്രവർത്തനങ്ങൾക്കു വേണ്ടി 50 ലക്ഷം രൂപയോളം ഷഹീൻ സമാഹരിച്ചുവെന്നാണ് പൊലീസ് കണ്ടെത്തൽ.
പാകിസ്ഥാൻ മാത്രം വിചാരിച്ചാൽ ഇവിടെ വന്ന്, ആക്രമണങ്ങൾ നടത്തിപ്പോകുക എന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. നമ്മുടെ രാജ്യത്ത് തന്നെ അവരുടെ സ്ലീപ്പർ സെല്ലുകൾ ഉണ്ട്. അത് ദേശീയ അതോറിറ്റികൾ മാത്രം അന്വേഷിച്ചാൽ കണ്ടെത്താൻ പ്രയാസമാണ്. ഓരോ ഇന്ത്യക്കാരും നമ്മുടെ ഇടയിലുള്ള രാജ്യദ്രോഹികളെ കണ്ടെത്തുക എന്നതാണ് ചെയ്യേണ്ടത്. ഈ സ്ലീപ്പർ സെല്ലുകൾ ഇല്ലാതായാൽ തീവ്രവാദികളുടെ ഒരു പദ്ധതിയും ഇവിടെ നടപ്പാക്കാൻ സാധിക്കില്ല എന്നതാണ് യാഥാർഥ്യം.












