ഒഡീഷയിൽ നിന്നുളള ആദിവാസി നേതാവ് ദ്രൗപദി മുർമു എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി
ഒഡീഷയിൽ നിന്നുളള ആദിവാസി നേതാവ് ദ്രൗപദി മുർമുവിനെ എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. തെരെഞ്ഞെടുക്കപ്പെട്ടാൽ ആദിവാസി വിഭാഗത്തിൽ നിന്നും രാഷ്ട്രപതിയാകുന്ന ആദ്യത്തെ വ്യക്തിയാകും ദ്രൗപദി മുർമു. മാത്രമല്ല പ്രതിഭ പാടീലിന് ശേഷം രാഷ്ട്രപതിയാകുന്ന രണ്ടാമത്തെ വനിത എന്ന സവിശേഷതയും ജയിക്കുകയാണെങ്കിൽ അവർക്ക് സ്വന്തമാകും.
ഒഡീഷയിലെ മയൂർബെഞ്ച് ജില്ലയിൽ ജനിച്ച ദ്രൗപദി മുർമു സൻ്റ്ഹാൾ ഗോത്രവർഗത്തിൽപ്പെട്ടയാളാണ്. ഒഡീഷയിലെ വ്യവസായ-ഗതാഗതവകുപ്പ് മന്ത്രിയായും മത്സ്യബന്ധന വകുപ്പ് മന്ത്രിയായും പിന്നീട് ഝാർഖണ്ഡ് ഗവർണറായും ദ്രൗപദി മുർമു സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബിജെപിയുടെ പട്ടികവർഗ മോർച്ചയുടെ ദേശീയ എക്സിക്യൂടിവ് അംഗമായിരുന്ന അവർ റായ്രംഗ്പൂർ മണ്ഡലത്തിൽ നിന്നും ബിജെപി ടിക്കറ്റിൽ രണ്ടുതവണ എംഎൽഎ ആയിട്ടുണ്ട്.